കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് സ്വദേശി ശരണ്യയെ നാല് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. പ്രദേശവാസികളാണ് വനത്തിനുള്ളിൽ നിന്ന് ശരണ്യയെ കണ്ടെത്തിയത്. ആരോഗ്യവതിയാണെന്ന് അറിയിച്ച ശരണ്യക്ക് പ്രാഥമിക ചികിത്സ നൽകും.
ബെംഗളൂരൂ: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ജി എസ് ശരണ്യയെ വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ചു. നാല് നാൾ നീണ്ട തെരച്ചിലിന് ഒടുവിലാണ് ശരണ്യയെ തിരിച്ചെത്തിച്ചത്. താന്‍ ആരോഗ്യവതിയാണെന്ന് ശരണ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഫോണ്‍ ഓഫായി പോയി. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു കയ്യിലുണ്ടായിരുന്നത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് ഡ്രോണിന് ദൃശ്യമാകുന്ന സ്ഥലത്താണ് നിന്നിരുന്നതെന്നും ശരണ്യ പറഞ്ഞു. വഴി ദുര്‍ഘടമായിരുന്നു. സുരക്ഷിതമല്ലാത്തതിനാല്‍ അധികം മുന്നോട്ട് നടന്നില്ലെന്നും അരുവിയുള്ള സ്ഥലത്ത് വിശ്രമിച്ചെന്നും ശരണ്യം കൂട്ടിച്ചേര്‍ത്തു. വനമേഖലയില്‍ നിന്ന് പുറത്തെത്തിച്ച ശരണ്യയെ തൊട്ടടുത്തുള്ള കാക്കബെ ഗ്രാമത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകും. ശരണ്യയുടെ ആരോഗ്യനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആരോഗ്യനില തൃപ്തികരമെങ്കിൽ വീട്ടിലേക്ക് പോകും.
കൊച്ചിയില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിയായ ശരണ്യയെ ഏപ്രിൽ 2നാണ് കാണാതായത്. നാല് ദിവസമായി ശരണ്യയ്ക്കായുള്ള തെരച്ചിൽ നടക്കുകയായിരുന്നു. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ തടിയൻഡമോൾ കൊടുമുടി കയറാനെത്തിയതായിരുന്നു ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉൾപ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാൽ, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. നാല് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കേരളം കാത്തിരുന്ന ആശ്വാസ വാര്‍ത്ത എത്തുന്നത്. പ്രദേശവാസികളാണ് ശരണ്യയെ ആദ്യം കണ്ടെത്തിയത്. ശബ്ദം കേട്ടിട്ടാണ് ആ പ്രദേശത്തേക്ക് പോയി നോക്കിയതെന്നും ശരണ്യയെ കണ്ടെത്തിയ പ്രദേശവാസികള്‍ പറയുന്നു.
