അവൻ ലാബിൽ ഇരുന്ന് ഗെയിം കളിക്കുന്നത് സ്ഥിരമാണ്. അപ്പോഴൊക്കെയും വിലക്കിയിട്ടുണ്ട്. എന്നാൽ വിലക്കിയാലും പിന്നെയും അവൻ ഗെയിം കളിക്കും. ഇന്നലെ ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോൾ വിലക്കിയിട്ടും അവൻ കേട്ടില്ല.

ചെങ്ങന്നൂർ: ക്രൂര മർദനത്തെക്കുറിച്ച് വിവരിച്ച് മാലദ്വീപ് സ്‌കൂളിലെ വിദ്യാർഥിയുടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി അധ്യാപിക സ്മിത. ക്ലാസിൽ വളരെ ശാന്തമാക്കിയിരിക്കുന്ന കുട്ടിയാണ് അവൻ. ഇതിന് മുമ്പ് ഇത്തരത്തിൽ സംഭവിച്ചിട്ടില്ലെന്നും അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒരു വർഷമായി താൻ ഇവിടെ ജോലി ചെയ്യുന്നു. അവൻ ലാബിൽ ഇരുന്ന് ഗെയിം കളിക്കുന്നത് സ്ഥിരമാണ്. അപ്പോഴൊക്കെയും വിലക്കിയിട്ടുണ്ട്. ഒരു കുട്ടി ചെയ്യുന്നത് കണ്ടാൽ മറ്റു കുട്ടികളും അത് ചെയ്യും. എന്നാൽ വിലക്കിയാലും പിന്നെയും അവൻ ഗെയിം കളിക്കും. ഇന്നലെ ഗെയിം കളിച്ചുകൊണ്ടിരുന്നപ്പോൾ വിലക്കിയിട്ടും അവൻ കേട്ടില്ല. വിഡിയോ എടുത്ത് പ്രിൻസിപ്പലിനോട് കാണിക്കുമെന്ന് പറഞ്ഞു. പെട്ടെന്ന് കുട്ടി എഴുന്നേറ്റ് തന്റെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞു. ഫോൺ എടുക്കാൻ പോകുമ്പോഴേക്കും അവൻ ഇടിച്ചു. 

മൂന്ന് നാല് തവണ തുടർച്ചയായ മുക്കിലിടിച്ചു. തിരിഞ്ഞപ്പോഴേക്കും തലമുടി പിടിച്ച് വലിക്കുകയും തലയുടെ പിൻവശത്ത് ഇടിക്കുകയും ചെയ്തു. അവിടെ ഉണ്ടായിരുന്ന ടീച്ചർമാരാണ് പെട്ടെന്ന് തന്നെ പുറത്തേക്ക് എത്തിച്ചത്. അതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇല്ലെങ്കിൽ ഇതിലും വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും പരിക്കേറ്റ അധ്യാപിക പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. അപ്പോഴാണ് മൂക്കിന് പൊട്ടലുണ്ടെന്ന് അറിഞ്ഞത്. നേരത്തെ രാജിക്കത്ത് കൊടുത്തിരുന്നു. ഇപ്പോൾ നോട്ടീസ് പീരീഡിലാണ് ഉള്ളത്. ഏപ്രിൽ 30നാണ് അത് കഴിയുന്നത്. ഞാൻ പോകും, എന്നാൽ ഇനിയുള്ള അധ്യാപകർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകരുതെന്നുണ്ട്. താൻ അനുഭവിച്ച മാനസികമായും ശാരീരികമായും നേരിട്ട പീഡനത്തിന് അധികൃതർ പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്മിത പറഞ്ഞു.

ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യയാണ് പരിക്കേറ്റ സ്മിത എൻ പിള്ള. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12നായിരുന്നു സംഭവം. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. മാലദ്വീപിൽ ജോലി ചെയ്യുന്ന രണ്ടായിരത്തോളം അധ്യാപകരിൽ 75 ശതമാനവും മലയാളികളാണെന്നും ഇവരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.