എഫ്സിആർഎ നിയമ ഭേദഗതി പരിഷ്കാരം അല്ലെന്നും , ആക്രമണം ആണെന്നും മല്ലികാർജുൻ ഖർ‌​ഗെ. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ

ഇടുക്കി: എഫ്സിആർഎ നിയമഭേദ​ഗതി ന്യൂനപക്ഷത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം ആണെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. നിയമ ഭേദഗതി പരിഷ്കാരം അല്ല, ആക്രമണം ആണ്. ക്രിസ്തീയ സഭയെ മാത്രമല്ല, പൊതു സമൂഹത്തെയാണ് ആക്രമിക്കുന്നത്. വഖഫ് ബില്ല് മുസ്ലിം വിഭാഗത്തെ ബാധിച്ച പോലെയാണ് എഫ്സിആർഎ ക്രിസ്ത്യൻ വിഭാഗത്തെ ബാധിക്കുന്നതെന്നും മല്ലികാർജുൻ ഖർ‌​ഗെ പറഞ്ഞു. എൽഡിഎഫ് സർക്കാർ തേയില തോട്ടം തൊഴിലാളികൾക്ക് കൊടുത്ത വാഗ്ദാനം മറന്നു. വന്യജീവി സംഘർഷം രൂക്ഷമാണ്. നടപടിക്രമങ്ങൾ ലഘുകരിച്ച് പട്ടയം നൽകും. വന്യജീവി സംഘർഷം തടയാൻ നടപടി എടുക്കുമെന്നും ഖർ​ഗെ പറഞ്ഞു. ഇടുക്കി ഏലപ്പാറയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖ​ർ​ഗെ.

കേരളം എപ്പോഴും പുരോഗമന ചിന്ത ഉള്ള സംസ്‌ഥാനമാണ്. പക്ഷേ ഞാൻ ഇപ്പോൾ ചോദിക്കുന്നു, കേരളം ഇപ്പോൾ പുറകോട്ടാണോ സഞ്ചരിക്കുന്നത്. കഴിഞ്ഞ പത്തു വർഷം പിണറായി സർക്കാർ വച്ച വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോ. വലിയ അഴിമതിയാണ് നടക്കുന്നത്. ലൈഫ് മിഷനിലും അഴിമതി. ശബരിമല സ്വർണക്കടത്തു കേസിൽ സർക്കാർ അഴിമതിയുടെ നിഴലിലാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. എല്ലാ മേഖലകളിലും ഉള്ളവർ ബുദ്ധിമുട്ടിലാണ്. കേരളത്തിൽ വിദ്യാഭ്യാസം ഉണ്ട്. പക്ഷേ ജോലി ഇല്ല. യുവജനങ്ങൾ ജോലി തേടി വിദേശത്ത് പോകേണ്ട അവസ്‌ഥയാണ്. കേരളത്തിലെ സമാധാന അന്തരീക്ഷം ഭീഷണിയിലാണ്. എൽഡിഎഫും ബിജെപിയും ഒരേ ധാരണയിലാണ് പ്രവർത്തിക്കുന്നത്. പിണറായിയും മോദിയും ഒരേ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇരുവർക്കും അധികാരം അവരുടെ കയ്യിൽ മാത്രം ഒതുക്കണമെന്നും ഖ​ർ​ഗെ പറഞ്ഞു.