എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ മർദിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. വളയൻചിറങ്ങര സ്വദേശി ജിസാറിനെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യത്തിനടിമയായ ജിസാറിനെ ഡീ അഡിക്ഷൻ സെന്‍ററിലാക്കാൻ സുഹൃത്തുക്കൾ കൊണ്ടു പോവുകയായിരുന്നു. കൈകാലുകൾ കെട്ടിയിട്ടാണ് വാഹനത്തിൽ കൊണ്ടുപോയത്. അതിനിടയിലാണ് മരുന്ന് നൽകാനായി പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ കയറിയത്.
കെട്ടഴിച്ചപ്പോൾ അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടറെ തലകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. സെക്യൂരിറ്റി ജീവനക്കാരനേയും മർദിച്ചു. ചുറ്റുമുള്ളവർക്ക് നേരെ അസഭ്യവർഷവും. ആശുപത്രിയിൽ പൊലീസ് എത്തിയപ്പോഴും തെറിവിളി തുടർന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് ജിസാറിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. ഇയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. ഇന്ന് ജിസാറിനെ കോടതിയിൽ ഹാജരാക്കും.



