മാവേലിക്കരയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല കവർന്ന കേസിൽ സഹോദരങ്ങളായ സിജുമോൻ, രഞ്ജുമോൾ എന്നിവർ അറസ്റ്റിലായി. അയൽവാസിയായ രഞ്ജുമോളുടെ നിർദ്ദേശപ്രകാരം സഹോദരൻ സിജുമോൻ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
മാവേലിക്കര: മാവേലിക്കര കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സതിയമ്മയുടെ (73) രണ്ടരപ്പവന്റെ മാല കവർന്ന കേസിൽ സഹോദരങ്ങളായ സിജുമോൻ എംആർ (28), രഞ്ജുമോൾ ആർ (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നവംബർ 28ന് ഉച്ചയോടെയാണ് സംഭവം. ഹെൽമറ്റ് വെച്ച് എത്തിയ സിജുമോൻ സതിയമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സതിയമ്മയുടെ കയ്യിലെ വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എംപി മോഹനചന്ദ്രൻ നായർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എംകെ ബിനുകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തിയത്.
വീടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്ന പ്രാഥമിക നിഗമനത്തിൽ സമീപവാസികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സിജുമോനാണ് മാല പൊട്ടിച്ചത് എന്ന് കണ്ടെത്തിയത്. പൊലീസ് അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന കിംവദന്തി പരന്നതിനെ തുടർന്ന് ഒളിവിൽ പോയ സിജുമോനെ ഓച്ചിറ ആലുംപീടിക ബീവറേജ് ഔട്ട്‌ലെറ്റിന് സമീപത്തു നിന്നാണ് പിടികൂടിയത്.സഹോദരി രഞ്ജുമോളുടെ നിർദ്ദേശപ്രകാരമാണ് മോഷണം നടത്തിയതെന്ന് സിജുമോൻ പൊലീസിനോട് സമ്മതിച്ചു. രഞ്ജുമോളുടെ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് ഈ കുറ്റകൃത്യം ചെയ്തത്. രഞ്ജുമോളും മോഷണത്തിന് ഇരയായ സതിയമ്മയും കണ്ടിയൂർ പള്ളിയിൽ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയുടെ കണ്ണിൽ മുളകുപൊടി തേച്ച് വള ഊരിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. ഇതിനായി രഞ്ജുമോൾ നൽകിയ വിവരം അനുസരിച്ച് ഉച്ചയോടെ ഹെൽമറ്റ് ധരിച്ച് സിജുമോൻ പള്ളിയിൽ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന രഞ്ജുമോൾ മുളകുപൊടിയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോട്ടീസും സിജുമോന് നൽകി സതിയമ്മ താമസിക്കുന്ന മുറിയിലേക്ക് അയച്ചു. ഹെൽമറ്റ് ധരിച്ചെത്തിയ സിജുമോൻ തിരഞ്ഞെടുപ്പ് നോട്ടീസ് നൽകാനാണ് എന്ന് പറഞ്ഞ് അകത്തു കയറിയ ശേഷം കയ്യിൽ കരുതിയിരുന്ന മുളകുപൊടി സതിയമ്മയുടെ കണ്ണിൽ തേച്ചു.
തുടർന്ന് വള ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നപ്പോൾ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. പിടിച്ചുപറിക്ക് മുൻപ് ധരിച്ചിരുന്ന ഷർട്ട് മാറ്റി വേറെ ഷർട്ട് ധരിക്കണമെന്നും മോഷണം നടത്തിയ ഷർട്ട് കത്തിച്ചു കളയണമെന്നും രഞ്ജുമോൾ നിർദ്ദേശിച്ചതായി സിജുമോൻ മൊഴി നൽകി. പൊലീസിന്റെ അന്വേഷണം സിജുമോനിലേക്ക് എത്തുന്നു എന്ന് മനസിലാക്കിയ രഞ്ജുമോൾ പറഞ്ഞിട്ടാണ് കരുനാഗപ്പള്ളി ആദിനാടുള്ള ബന്ധുവീട്ടിലേക്ക് പോയതെന്നും സിജുമോൻ വെളിപ്പെടുത്തി. സിജുമോന്റെ കുറ്റസമ്മത മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ രഞ്ജുമോളെയും മാവേലിക്കര പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ സിജുമോനെയും രഞ്ജുമോളെയും ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


