കാസർകോട്: കൊവിഡ് 19 രോഗത്തിന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വിൽപന നടത്തിയ വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്തു. കാസർകോട് വിദ്യാനഗർ ചാലാ റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ വൈറസിനെതിരെ മരുന്ന് എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വിൽപന നടത്തിയത്. ഈ മരുന്ന് കുടിച്ചാൽ കൊറോണ വൈറസ് ബാധിച്ചവർക്ക് രോ​ഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം. രോഗം വരാതെ പ്രതിരോധിക്കാനും മരുന്നിന് കഴിയുമെന്നും ഇയാൾ വ്യാജ പ്രചരണം നടത്തി. കാസർകോട് വിദ്യാനഗർ കേന്ദ്രീകരിച്ചാണ് വ്യാജ മരുന്ന് വില്പന. ഇത്തരം വ്യാജ സിദ്ധന്മാർ ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നതായി വിവരമുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ എടുക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി 12 പേർക്കാണ് ജില്ലയിൽ കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് സർക്കാർ കടന്നത്. അതിനിടെ കാസർകോട്ടെ രോഗിക്കെതിരെ കടുത്ത വിമർശനങ്ങൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചു. കാസർകോട് നിരുത്തരവാദത്തിന്റെ വലിയൊരു ദൃഷ്ടാന്തം കണ്ടു. രോഗബാധിതൻ തന്റെ ഇഷ്ടാനുസരണം എല്ലായിടത്തും പോയി. ഇത്തരക്കാർ സമൂഹത്തെയാണ് വഞ്ചിക്കുന്നതെന്നും ഇവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക