സംശയത്തിന്‍റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

റാന്നി: സംശയത്തിന്‍റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. റാന്നി വടശ്ശേരിക്കര സ്വദേശി റെജി (54) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 8 ശനിയാഴ്ച രാത്രി 7:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സംശയത്തിന്‍റെ പേരിൽ റെജി ഭാര്യയെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും നിസ്സാര കാര്യത്തിന്‍റെ പേരിൽ റെജി ഭാര്യയെ ക്രൂരമായി മർദിച്ചു.

മുടിക്ക് കുത്തിപ്പിടിച്ച് മുതുകിന് ഇടിക്കുകയും ശരീരമാസകലം അടിക്കുകയും തടിക്കഷണമെടുത്ത് തല്ലുകയും ചെയ്തു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഉപദ്രവത്തിൽ പരിക്കുപറ്റിയ റെജിയുടെ ഭാര്യ വ്യാഴാഴ്ച റാന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതനുസരിച്ച് റാന്നി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വ്യാഴാഴ്ച രാത്രിയോടെ റെജിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.