കെഎസ്ആർടിസി ബസിൽ മെത്താഫിറ്റമിനുമായി യാത്ര ചെയ്‌തയാൾ എക്സൈസിൻ്റെ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വില്‍പ്പന ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന സംഘങ്ങള്‍ അതിര്‍ത്തി കടക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തി കടക്കുമ്പോള്‍ പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നത് കണ്ടാണ് കാര്‍, ബൈക്ക് തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ ലഹരിക്കടത്തുകാര്‍ ഉപയോഗിക്കാതിരിക്കുന്നത്. ചൊവ്വാഴ്ച്ച മുത്തങ്ങ ചെക്‌പോസ്റ്റില്‍ മെത്താഫിറ്റമിനുമായി യുവാവ് പിടിയിലായതടക്കം രണ്ട് കേസുകളാണ് എക്‌സൈസ് കണ്ടെത്തിയത്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വയനാട് എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ പരിശോധന നടത്തിയത്. കണ്ണൂര്‍ പയ്യന്നൂര്‍ അറവന്‍ഞ്ചാല്‍ സ്വദേശി പള്ളിത്താഴത്ത് വീട്ടില്‍ നിധിന്‍ പി. മോനച്ചന്‍ (27) ആണ് പിടിയിലായത്. ഗുണ്ടല്‍പേട്ടില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് എക്സൈസ് പരിശോധന നടത്തിയത്. 195.414 ഗ്രാം മെത്താഫിറ്റമിനാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് 10 ലക്ഷത്തോളം രൂപ വില വരുമെന്ന് എക്‌സൈസ് അറിയിച്ചു.

പ്രതിയായ നിധിന്‍ പി. മോനച്ചന്‍ ബെംഗളുരുവില്‍ നിന്നും കോഴിക്കോട് ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ പിടികൂടിയത് അറിഞ്ഞ് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എ.ജെ ഷാജി സ്ഥലത്ത് എത്തിയിരുന്നു. ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ സന്തോഷ്, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ വി. മണികണ്ഠൻ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുരേഷ് വെങ്ങാലിക്കുന്നേല്‍, സി.വി. ഹരിദാസ് പ്രിവന്റ്റീവ് ഓഫീസര്‍മാരായ പി. കൃഷ്ണന്‍കുട്ടി, എ.എസ്. അനീഷ്, പി.ആര്‍. വിനോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ടി. അമല്‍ തോമസ് വി.ബി. നിഷാദ്, സിവില്‍ എക്‌സൈസ് ഓഫീസസര്‍മാരായ ഡ്രൈവര്‍ കെ. പ്രസാദ് എന്നിവരാണ് പരിശോധന നടത്തിയത്.

YouTube video player