മലപ്പുറം: തിരൂരിൽ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കട്ടച്ചിറ സ്വദേശി നടുപറമ്പത്ത് സുരേഷ്  ആണ് മരിച്ചത്. കൂട്ടംകൂടി നിൽക്കുകയായിരുന്ന സുരേഷ് പൊലീസിനെ കണ്ട് ഭയന്ന് ഓടുകയായിരുന്നു. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. 

കട്ടച്ചിറ അങ്ങാടിയിൽ സുരേഷ് അടക്കം ആറുപേരാണ് ഒന്നിച്ചുണ്ടായിരുന്നത്. ലോക്ക് ഡൗൺ നിയമലംഘനം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവരുടെ അടുത്തേക്ക് ജീപ്പിൽ എത്തി. പൊലീസിനെ കണ്ടതോടെ സുരേഷും ഒരു സുഹൃത്തും പിടികൊടുക്കാതെ ഓടി. ബാക്കി നാല് പേരേയും ബൈക്കും ഓട്ടോറിക്ഷയും അടക്കമുള്ള വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഓടിപ്പോയ രണ്ട് പേരെയും നാളെ സ്റ്റേഷനിൽ ഹാജരാക്കി കൊള്ളാമെന്ന ഉറപ്പിൽ നാലുപേരെയും പൊലീസ് വിട്ടയച്ചു. തിരിച്ച് കട്ടച്ചിറയിലെത്തിയവർ നടത്തിയ തെരച്ചിലിലാണ് സമീപത്തെ കരിങ്കല്ലുകൾക്കിടയിൽ വീണ് മരിച്ച നിലയിൽ സുരേഷിനെ കണ്ടത്തിയത്. മൃതദേഹം രാത്രിയോടെ പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി