നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട് നിർമ്മിച്ച മൺതിട്ട ഇടിഞ്ഞു വീണപ്പോൾ നാരാണയകുറുപ്പും മണ്ണിനടിയിൽ പെടുകയായിരുന്നു.

കോഴിക്കോട്: പേരാമ്പ്രയിൽ മണ്ണിനടിയിൽ അകപ്പെട്ടയാൾ മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി നാരായണ കുറുപ്പ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട് നിർമ്മിച്ച മൺതിട്ട ഇടിഞ്ഞു വീണപ്പോൾ നാരാണയകുറുപ്പും മണ്ണിനടിയിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാരായണ കുറുപ്പിനെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടിമാലയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

അടിമാലി: അടിമാലി മീനപ്പടിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട കാ‍ര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. എൽഐസി അടിമാലി ബ്രാഞ്ച് ഡെവലപ്മെൻറ് ഓഫീസർ ചേർത്തല സ്വദേശി എസ് ശുഭ കുമാറാണ് മരിച്ചത്

കുറ്റിപ്പുറത്തുണ്ടായ വാഹനാപകടത്തിൽ പൊലീസുകാരൻ മരിച്ചു

മലപ്പുറം: ദേശീയപാതയിൽ കുറ്റിപ്പുറത്തിന് സമീപം സ്വകാര്യ ബസ് സ്ക്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ പൊലീസുകാരൻ മരിച്ചു. തൃശൂർ സ്വദേശി ബിജു ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ചിരുന്ന സ്ക്കൂട്ടറില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. 

ചടയമംഗലം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഇത്തികരയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പുനലൂർ സ്വദേശി സുജയിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചടയമംഗലത്തെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതായിരുന്നു യുവാവ്. 

മഞ്ചേരി ആനക്കയം പുഴയിൽ കുളിക്കുന്നതിനിടയിൽ ഒരാളെ കാണാതായി
മലപ്പുറം: മഞ്ചേരി ആനക്കയം പുഴയിൽ കുളിക്കുന്നതിനിടയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒരാൾ നീന്തി രക്ഷപ്പെട്ടു. രണ്ടാമത്തെയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.