റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പള്ളിക്കൽ വടക്കേപള്ളിക്ക് സമീപം മോഹന വിലാസത്തിൽ മോഹനൻ പിള്ള (66) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പള്ളിക്കൽ പോരേടം റോഡിലായിരുന്നു അപകടം. സ്കൂട്ടിയിൽ വന്ന മോഹനൻ പിള്ള വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം എതിർ വശത്തുള്ള കടയിലേയ്ക്ക് നടന്നുപോകവെ പള്ളിക്കൽ ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യം പാരിപ്പള്ളി മെഡിക്കൽകോളെജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. ബൈക്കിലുണ്ടായിരുന്ന നിലമേൽ സ്വദേശികൾക്കും പരുക്കേറ്റു. പോസ്റ്റ്മോർട്ടത്തിനു ശേഷം മോഹനന്‍റെ മൃതദേഹം സംസ്ക്കരിച്ചു. പള്ളിക്കൽ പൊലീസ് കേസെടുത്തു.



