ഏലൂര്‍:  കൊച്ചി ഏലൂരിൽ ഗൃഹനാഥൻ കുഴഞ്ഞ് വീണു മരിച്ചു. പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ മുടങ്ങിയതിന്റെ പേരിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഭീഷണിയെ തുടർന്ന് സമ്മർദ്ദത്തിലായിരുന്നു ജോസെന്ന് കുടുംബം ആരോപിച്ചു. രാവിലെ ഏഴരയോടെയാണ് സംഭവം. വായ്പ കുടിശിക പിരിക്കാൻ ബാങ്ക് നിയോഗിച്ച ജീവനക്കാരനും ജോസുമായി വീട്ടിൽ വച്ച് വാക്കു തർക്കം ഉണ്ടായി.  

ഇതിനിടെ ജോസ് കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മകൻ ജോയൽ വാങ്ങിയ സ്ക്കൂട്ടറിന്‍റെ രണ്ട് മാസത്തെ തവണയായ 7200 രൂപ മുടങ്ങിയതിനെ തുടർന്ന് പണമടക്കണമെന്ന് ജോയലിനോട് ബാങ്ക് നിയോഗിച്ചയാൾ ആവശ്യപ്പെട്ടിരുന്നു.  മുപ്പതാം തീയതി വരെ സാവകാശം വേണമെന്ന് ജോയൽ ആവശ്യപ്പെട്ടു.  ഇതംഗീകരിക്കാതെ രാവിലെ വീട്ടിലെത്തിയ ബാങ്ക് ജീവനക്കാരൻ  ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബാഗങ്ങൾ പറയുന്നത്. 

പണം താൻ നൽകാമെന്നും സാവകാശം വേണമെന്നും ജോസ് ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. ഇതോടെ വാക്ക് തർക്കമായി. നെഞ്ചുവേദന അനുഭവപ്പെട്ട ജോസ് കസേരയിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. ഓഗസ്റ്റിൽ മകന്‍റെ വിവാഹം നടക്കാനിരിക്കെയാണ് ജോസിന്‍റെ മരണം. ഇതേത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും എച്ച്ഡിഎഫ്സി ബാങ്കിന്റെ പാലാരിവട്ടം ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജോസിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് ഏലൂർ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് ബാങ്ക് അധികൃതർ പ്രതികരിക്കാൻ തയ്യാറായില്ല.