ആളെക്കൊല്ലി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ; ചിത്രം ക്യാമറയിൽ പതിഞ്ഞു, കാൽപ്പാടുകളും കണ്ടെത്തി

കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ലെന്ന് വനം വകുപ്പ്

man eating tiger wayanad image is caught on camera and footprints are also found

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞതായി ചീഫ് കണ്‍സർവേറ്റർ. കടുവയുടെ കാൽപ്പാടുകളും കണ്ടെത്തി. കടുവയുടെ സാന്നിധ്യം കൂട്  സ്ഥാപിച്ച പഞ്ചാരക്കൊല്ലി പ്രദേശത്തുണ്ടെന്ന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത് കുമാർ പറഞ്ഞു. രാവിലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. 

കടുവയെ കൂട്ടിൽ അകപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന. കൂടുതൽ ആളുകൾ തെരച്ചിലിനു ഇറങ്ങിയാൽ കടുവ പ്രദേശത്തു നിന്നും നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ വ്യാപക തെരച്ചിൽ ഇന്നുണ്ടാവില്ല. തെർമൽ ഡ്രോൺ പരിശോധനയും ഇന്ന് നടത്തില്ലെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു. 

അതിനിടെ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘം ഉച്ചയ്ക്കുശേഷം സ്ഥലത്ത് പരിശോധന നടത്തും. കുങ്കി ആനകളെ പിന്നീട് എത്തിക്കും. കുങ്കി ആനകളെ ഉപയോഗിച്ചു തെരയാൻ പറ്റുന്ന ഭൂപ്രദേശമല്ലിത്. മുളങ്കാടുകൾ നിറഞ്ഞ പ്രദേശമാണ് ഇവിടമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. അതിനിടെ നാളെ വയനാട്ടിൽ പ്രത്യേക യോഗം ചേരും. മുഖ്യ വനപാലകരും യോഗത്തിൽ പങ്കെടുക്കും. വനം മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. 

കൂട് വച്ചോ മയക്കുവെടി വച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍റെ ഉത്തരവ്. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി കർശനമായി പാലിച്ചാകണം നടപടികളെന്നും ഉത്തരവിൽ പറയുന്നു. 

കടുവയുടെ ആക്രമണത്തിൽ രാധയെന്ന 45കാരി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ മാനന്തവാടിയിൽ തുടരുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 6 വരെ മാനന്തവാടി മുൻസിപ്പാലിറ്റി മേഖലയിലാണ് ഹർത്താൽ. എസ്ഡിപിഐയും പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മാനന്തവാടിക്ക് പിന്നാലെ വൈത്തിരിയിലും കടുവയെ കണ്ടെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തുന്നുണ്ട്.

കടുവയെ തിരയാൻ കുങ്കിയാനകളും ഡ്രോൺ അടക്കം സംവിധാനങ്ങളും; മാനന്തവാടിയിൽ യുഡിഎഫ്, എസ്‌ഡിപിഐ ഹർത്താൽ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios