വയനാട്: ഒരു നിമിഷാര്‍ദ്ധത്തിനിടെ മലവെള്ളപ്പാച്ചിലിൽ എല്ലാം നാമാവശേഷമായ വയനാട്ടിലെ പുത്തുമലയിൽ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ജീവന്‍റെ തുടിപ്പുമായി ഒരാൾ .ഇരുപത്തിനാല് മണിക്കൂര്‍ മണ്ണിനടിയിൽ കിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയിൽ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തുമലയിൽ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തുമലയിൽ കാണാൻ കഴിയുന്നത്. മണിക്കൂറുകൾ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിപ്പെട്ടത്. ഇതിനകം എട്ട് മൃതദേഹം പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതിനിടയ്ക്കാണ് ഒരാളിൽ ജീവന്‍റെ തുടിപ്പ് കണ്ടെത്തിയത്. 

തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയ അവസ്ഥയിലാണ് ഇപ്പോൾ പുത്തുമല ഉള്ളത്. 

തുടര്‍ന്ന് വായിക്കാം: മേപ്പാടി പുത്തുമലയിൽ ഞെട്ടിപ്പിക്കുന്ന കാഴ്ച; മൂന്ന് മൃതദേഹം കിട്ടി, പ്രദേശമാകെ ഒലിച്ചുപോയി

അതിനിടെ വയനാട് മേപ്പാടിയിലെ പുത്തുമലയിലെ രക്ഷാപ്രവർത്തനത്തിന് കനത്ത മഴ തടസമാകുന്നതായി മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദുരന്ത സാധ്യത നിലനിൽക്കുന്നതിനാൽ  പരമാവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കാനായി വിവിധ ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പുത്തുമല സന്ദർശിച്ചശേഷം  എ കെ ശശീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇരുട്ടും മഴയും മോശം കാലാവസ്ഥയും തുടരുന്നതിനാൽ രക്ഷാ പ്രവര്‍ത്തനം നീട്ടിക്കൊണ്ട് പോകാനാകാത്ത അവസ്ഥയും ഉണ്ട് 

തുടര്‍ന്ന് വായിക്കാം: പുത്തുമല ഉരുള്‍പ്പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസമാകുന്നെന്ന് എ കെ ശശീന്ദ്രന്‍