തൃശ്ശൂര്‍: കനത്ത മഴയില്‍ ബണ്ട് നിറഞ്ഞ് വീടിന് ചുറ്റും വെള്ളം നിറഞ്ഞതോടെ പുറത്ത് പോകാൻ വഞ്ചി വാടകയ്ക്ക് എടുത്തിരിക്കുകയാണ് തൃശ്ശൂർ ആനക്കാട് സ്വദേശി വേലായുധൻ. പ്രദേശത്തെ കനാൽ ബണ്ട് നിറ‍തോടെയാണ് വേലായുധന്റെ വീട് ഒറ്റപ്പെട്ടത്.

ഒരു ദിവസം 150 രൂപ നൽകിയാണ് വഞ്ചി വാടകയ്ക്കെടുത്തിരിക്കുന്നത്. വഞ്ചി യാത്രക്കിടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടാൽ വേലായുധൻ കൈ കാണിച്ച് വിളിക്കും. ദൂരെ നിന്ന് മാത്രമാണ് കുശലം പറച്ചിൽ.  അവശ്യസാധനങ്ങൾ വാങ്ങാൻ മക്കൾ വഞ്ചിയിൽ പോകും.   

വെള്ളത്തിന് ചുറ്റും ജീവിക്കുന്നതിനാൽ രോഗം വല്ലതും വരുമോയെന്ന പേടിയുണ്ടെന്ന് വേലായുധന്‍. മഴക്കാലമായാൽ കോൾപ്പാടങ്ങളിൽ നിന്ന് വെള്ളം എത്തുക പതിവാണ്. വീട്ടിലെ അടുക്കളയുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളം നിറഞ്ഞു കഴിഞ്ഞു. വെള്ളം കുറഞ്ഞില്ലെങ്കില്‍‌ വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരികയെന്ന് വേലായുധനും ഭാര്യ ശാന്തയും പറയുന്നു.