ഐഎഎസ്, ഐപിഎസ്, സൈനിക ഉദ്യോഗസ്ഥൻ എന്നിങ്ങനെ പല നിലയിൽ വ്യാജവേഷം ധരിച്ച് പെൺകുട്ടികളെ വശീകരിച്ച് പണം തട്ടിയ യുവാവിനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്
കൊച്ചി: ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് പെൺകുട്ടികളെ പറ്റിച്ച് പണം തട്ടുന്നയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ദാറുൽ നജാത് വീട്ടിൽ മുഹമ്മദ് അജ്‌മൽ ഹുസൈൻ(29) ആണ് പിടിയിലായത്. സായുധ പൊലീസ്, ഐപിഎസ്, ഐഎഎസ് എന്നിങ്ങനെ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൊച്ചി സിറ്റി എസിപി സിബി ടോമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരവധി പെൺകുട്ടികളെയാണ് ഇയാൾ പറ്റിച്ചതെന്ന് പൊലീസ് പറയുന്നു. ആലപ്പുഴ സ്വദേശിയായ പരാതിക്കാരിയെ സായുധ പൊലീസ് സേനയിലെ ഉയർന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താത്പര്യം അറിയിച്ചിരുന്നു. പരാതിക്കാരിയെ കല്യാണ ആവശ്യത്തിന് വസ്ത്രങ്ങൾ വാങ്ങാനെന്ന വ്യാജേന എറണാകുളത്തേക്ക് വിളിച്ചുവരുത്തി റൂം എടുത്ത് പീഡിപ്പിച്ചതായാണ് പരാതി.
രണ്ടു വർഷം മുമ്പ് ഐഎഎസ് ഓഫീസറെന്ന പേരിൽ മുളന്തുരുത്തി സ്വദേശിയായ പെൺകുട്ടിയെ വിവാഹം ആലോചിച്ചിരുന്നു. ഈ പെൺകുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് 30 ലക്ഷം രൂപ വാങ്ങി ഹൈദരാബാദിലേക്ക് മുങ്ങി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതി വിവാഹിതൻ, 2 കുട്ടികളുടെ പിതാവ്
പ്രതി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. എന്നാൽ ഭാര്യ ഇയാളുമായി പിണങ്ങി ഹൈദരാബാദിൽ താമസിക്കുകയാണ്. ഒൻപത് മാസമായി ബെംഗളൂരുവിലും ഹൈദരാബാദിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയുടെ വീട്ടുകാരെയും കൂട്ടുകാരെയും ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവിൽ ആലപ്പുഴയിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഇപ്പോൾ സൂഫി ലൈക് എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും മറ്റൊരു പെൺകുട്ടിയുമായി അടുത്ത ആഴ്ച വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പുതിയ പെൺകുട്ടിയുടെ അടുത്ത് ഐപിഎസ് ഓഫീസർ ആണെന്നാണ് പ്രതി പറഞ്ഞത്. പല കാർ ഷോറൂമുകളിലും ആഡംബര കാറുകൾ ഇയാൾ ബുക്ക് ചെയ്തിട്ടുണ്ട്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ വിവിധ സേന വിഭാഗങ്ങളിലെ ഉന്നത പദവിയിലുള്ളവരുടെ യൂണിഫോം ധരിച്ചുള്ള വ്യാജ ഫോട്ടോകളും ഐഡന്റിറ്റി കാർഡും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ അനൂപ് സി ചാക്കോ, ഇ എം ഷാജി, സലിം എ എസ് ഐ മനോജ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബാബു, ഉണ്ണികൃഷ്ണൻ പ്രശാന്ത് ബാബു, വിബിൻ, ജോബി, അജിലേഷ്, റിനു, രാജീവ്, അരുൺ (ചേർത്തല പൊലീസ് സ്റ്റേഷൻ) എന്നിവരാണ് ഉണ്ടായിരുന്നത്.



