കൊച്ചി: എറണാകുളത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൊച്ചി പച്ചാളത്ത് താമസിക്കുന്ന മാലിയിൽ ഗോപിനാഥനാണ് മരിച്ചത്. 63 വയസായിരുന്നു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

സംസ്ഥാനത്ത് ഇന്ന് നാലാമത്തെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ട ഊന്നുകൽ സ്വദേശി ലിസി (63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കാസര്‍കോടും കോട്ടയത്തുമാണ് ഇന്ന് മറ്റ് രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.

കാസർകോട് പൈവളിഗ സ്വദേശി അബ്ബാസ് (74) ഇന്നലെയാണ് മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടർന്നാണ് ഇയാളെ മംഗൾപ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന കട്ടപ്പന സുവർണഗിരി സ്വദേശി ബാബു (58) ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചു മാറ്റാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.