ഫുട്പാത്തിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്.
കണ്ണൂര്‍: തെരുവ് നായ ശല്യത്തിനെതിരെ കണ്ണൂരിൽ വ്യത്യസ്തമായ പ്രതിഷേധം. സുരേന്ദ്രൻ കുക്കാനത്തിൽ എന്നയാളാണ് ഒറ്റയാൾ പ്രതിഷേധം നടത്തിയത്. കളക്ടറേറ്റിനു മുന്നിൽ മരത്തിൽ ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു പ്രതിഷേധം. ഫുട്പാത്തിലെ മരത്തിൽ കയറി സ്വയം ചങ്ങലയിൽ ബന്ധിതനായാണ് പ്രതിഷേധിച്ചത്. തെരുവ് നായകളെ നിയന്ത്രിക്കുക, സർക്കാർ ശാശ്വതമായ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് സുരേന്ദ്രൻ ഉന്നയിച്ചത്.

തെരുവ് നായകളെ നിയന്ത്രിക്കാൻ പ്രൈവറ്റ് കെന്നൽസ് പദ്ധതിയുമായി പാലക്കാട് നഗരസഭ, പദ്ധതി സംസ്ഥാനത്ത് ആദ്യമായി
പാലക്കാട് : തെരുവ് നായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പാലക്കാട് നഗരസഭയുടെ പുതിയ പദ്ധതി. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയ പ്രൈവറ്റ് കെന്നൽസ് പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം പ്രൈവറ്റ് കെന്നൽസ് ആശയം നടപ്പിലാക്കുന്നത്.
തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടുത്ത് തന്നെ കൊണ്ടു വിടുന്നതാണ് പതിവ് രീതി. ഇക്കാരണത്താൽ തെരുവ് നായ്ക്കളുടെ എണ്ണം അതാത് സ്ഥലത്ത് കുറയുന്നില്ല എന്നർത്ഥം. പ്രജനനം ഇല്ലാതായി, ഘട്ടഘട്ടമായേ എണ്ണക്കുറവുണ്ടാകൂ. ഇതിനുള്ള പോംവഴിയാണ് പ്രൈവറ്റ് കെന്നൽസ്.
വന്ധ്യംകരിച്ചാൽ നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. നായകളുടെ പരിപാലം താത്പര്യമുള്ളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവയ്ക്ക് നഗരസഭ നിശ്ചിത തുക നൽകും. തെരുവ് നായ്ക്കളെ പോറ്റുന്നവരെ ഉൾപ്പെടുത്തി പ്രൈവറ്റ് കെന്നൽസ് ജനകീയ മാതൃകയാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.
