പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി
പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസ് പ്രതിയിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നൽകിയത്. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് പ്രതി നൽകിയ മൊഴി.
വെളിപ്പെടുത്തലിൽ അമ്പരന്ന പൊലീസ് സേന, പിന്നാലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ചിനക്കത്തൂർ അഴിക്കലപ്പറമ്പിലാണ് സംഭവം നടന്നതെന്നാണ് ഫിറോസ് പൊലീസിനോട് പറഞ്ഞത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുമായി പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് അപകടം: ശബരിമല തീർത്ഥാടകർ അടക്കം മരിച്ചു
കോഴിക്കോട് പുറക്കാട്ടിരി പാലത്തിൽ ടോറസ് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർത്മാടകർ അടക്കം മൂന്ന് പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. പരിക്കേറ്റ 11 പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീർത്ഥാടകരുമായ കർണാടക സ്വദേശികൾ ശിവണ്ണ, നാഗരാജു ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന പതിനൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാല് യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു.
ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അടക്കം രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.
