കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ വെടിയേറ്റ് മരിച്ചു; സംഭവത്തിൽ ദുരൂഹത
ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. നെൽ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം

കൽപ്പറ്റ: വയനാട് കമ്പളക്കാട് നെൽവയലിൽ യുവാവ് വെടിയേറ്റ് മരിച്ചു (Shot Dead). കോട്ടത്തറ മെച്ചന സ്വദേശിയായ ജയനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബന്ധു ശരുണിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാട്ടുപന്നിയെ (Wild boar) തുരത്താൻ ശ്രമിക്കുന്നതിനിടെ അജ്ഞാത സംഘം വെടിവെച്ചെന്നാണ് ഇവരോടൊപ്പമുണ്ടായിരുന്നവരുടെ മൊഴി. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർന്നതാണോയെന്നും പോലീസിന് സംശയമുണ്ട്.
കമ്പളക്കാട് നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള വണ്ടിയാമ്പറ്റയിലെ നെൽപാടത്താണ് സംഭവം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോട്ടത്തറ മെച്ചനയിലെ നാലംഗ സംഘം ഇവരുടെ ഉടമസ്ഥതയിലുള്ള നെൽപാടത്ത് എത്തിയത്. വെടിയേറ്റ് വീണ ജയനെ കൂടെയുണ്ടായിരുന്ന ചന്ദ്രപ്പൻ, കുഞ്ഞിരാമൻ എന്നിവർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപ പ്രദേശങ്ങളിലെ ആരും തോക്ക് ഉപയോഗിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് വ്യക്തമാക്കി. നാലംഗ സംഘം സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തു. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെയും വെടിവയ്പ്പ് നടന്ന നെൽപാടത്തിന് സമീപത്തെ നാട്ടുകാരെയും പോലീസ് ചോദ്യം ചെയ്തു