കൊച്ചി:  കുണ്ടന്നൂരിലെ പൊട്ടിപൊളിഞ്ഞ റോ‍ഡിന്റെ അവസ്ഥ വിലയിരുത്തുന്നതിനെത്തിയ പൊതുമരാമത്ത് മന്ത്രി ജി സുധാകരനോട് പൊട്ടിത്തെറിച്ച് യുവാവ്. അമ്മയുമൊത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവാണ് മന്ത്രിയോട് ക്ഷോഭിച്ചത്. 

'എന്താ സാറേ  എത്രദിവസമായി ഞങ്ങൾ ഇതനുഭവിക്കുന്നു. അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടതാണ്' എന്നു പറഞ്ഞായിരുന്നു യുവാവ് ക്ഷുഭിതനായത്. ഇതിനിടെ യുവാവിനെ പിടിച്ചുമാറ്റാൻ ഉദ്യോ​ഗസ്ഥർ ശ്രമിച്ചുവെങ്കിലും മന്ത്രി ഉദ്യോ​ഗസ്ഥരെ ശാസിക്കുകയായിരുന്നു. അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും മന്ത്രി യുവാവിനോട് പറഞ്ഞു. 

എന്നാല്‍, ടൈല്‍സ് ഇട്ടത് ഇഷ്ടപ്പെടാതെ ഒരാൾ സംസാരിച്ചുവെന്നും അതിന്റെ എന്തെങ്കിലും കാര്യം ഉണ്ടോ എന്നുമായിരുന്നു പരിശോധനയ്ക്ക് ശോഷം മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ ഇതേക്കുറിച്ച് പ്രതികരിച്ചത്. അദ്ദേഹത്തിന് സുഖമായി അമ്മയേയും കൊണ്ട് ആശുപത്രിയിൽ പോകാവുന്നതേയുള്ളെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് രാവിലെയാണ് മന്ത്രി കൊച്ചി ന​ഗരത്തിലെത്തി പരിശോധന നടത്തിയത്. റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണം പിഡബ്ല്യൂഡി അല്ലെന്നും ​ഗതാ​ഗതം നിയന്ത്രിക്കേണ്ടത് ജില്ലാ ഭരണകൂടവും പൊലീസുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ  മാർച്ച്‌ മാസത്തിൽ തീർക്കുമെന്നും   കൊച്ചിയിൽ ഗതാഗത കുരുക്ക് പുതിയ സംഭവം അല്ലെന്നും മന്ത്രി വ്യക്തമാക്കി.

"