ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് റോബിൻ സജിയെ കമ്പി വടികൊണ്ട് അടിച്ചത്. 

പത്തനംതിട്ട: ആറന്മുളയിൽ (Aranmula) വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു (Murder). ഇടയാറന്മുള സ്വദേശി സജി ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹുത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് റോബിൻ സജിയെ കമ്പി വടികൊണ്ട് അടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നു. സജിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

  • അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ 

കൊല്ലം: അങ്കമാലി തുറവൂരില്‍ വീട്ടമ്മയെ പറമ്പിൽ പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര‍് കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത കൃഷിയിടത്തില്‍ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. 

  • പൂന്തുറയിൽ വലയിൽ കരുങ്ങിയ ഡോള്‍ഫിനെ മുറിച്ച് വിൽപ്പനക്ക് ശ്രമം; തടഞ്ഞ് പൊലീസ്, കേസെടുത്തു 

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയിൽ കരുങ്ങിയ ഡോള്‍ഫിനെ (Dolphin) മുറിച്ച് വിൽപ്പന നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇന്നു രാവിലെ തിരുവനന്തപുരം പൂന്തുറയിലാണ് സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഡോള്‍ഫിനെ പല കഷണങ്ങളാക്കി മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്. ബെനാൻസ് എന്നയാളുടെ ഉടസ്ഥയിലുള്ള ബോട്ടിൽ പുലർച്ചെ കൊണ്ടുവന്ന ഡോള്‍ഫിനെയാണ് മുറിച്ച് വിൽപ്പനക്ക് ശ്രമിച്ചത്.

പൂന്തുറ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസെത്തിയപ്പോള്‍ വിൽപ്പനക്ക് ശ്രമിച്ചവർ ഓടിരക്ഷപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേസെടുത്തു. ഡോള്‍ഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. സംരക്ഷിത ഇനത്തിൽപ്പെട്ട ഡോള്‍ഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.