തൈക്കാട്ടുശ്ശേരി പൊന്തക്കൽ വീട്ടിൽ ജോബി (41) ആണ് മരിച്ചത്. വല്ലച്ചിറ സ്വദേശി രാഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍: ഒല്ലൂരിൽ കള്ളുഷാപ്പിലുണ്ടായ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. തൈക്കാട്ടുശേരി സ്വദേശി 41 വയസുള്ള ജോബി ആണ് മരിച്ചത്. ഒല്ലൂര്‍ തൈക്കാട്ടുശ്ശേരിയിലെ കള്ളുഷാപ്പിൽ ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. വാക്കുതർക്കത്തിനിടെയാണ് ആക്രമണം. ജോബിയെ കുത്തിയ വരന്തരപ്പിള്ളി സ്വദേശി രാഗേഷിനെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ജോബിയെ പ്രതി കത്തികൊണ്ട് നെഞ്ചത്തും, പുറത്തും കുത്തുകയായിരുന്നു. രക്തം വാർന്ന് കിടന്ന ഇയാളെ ആക്സ് പ്രവര്‍ത്തകരുടെ ആംബുലന്‍സില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചയോടെ ജോബി മരണപ്പെടുകയായിരുന്നു. വരന്തരപ്പിള്ളി സ്വദേശിയായ പ്രതി വല്ലച്ചിറയില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇയാള്‍ മോഷണം, വധശ്രമം ഉള്‍പ്പടെ അഞ്ചോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. രാഗേഷിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.