സൈനികനായിരുന്ന ദിപക് പി ചന്ദ് രണ്ട് വര്‍ഷം മുന്‍പ് സൈന്യത്തില്‍ നിന്നും മുങ്ങിയ ശേഷമാണ്  പണംതട്ടിപ്പ് തുടങ്ങിയത്. 

പത്തനംതിട്ട: പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പത്തനാപുരം പോലീസ് പിടികൂടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ജോലിവാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ തട്ടിയത്. 

സൈനികനായിരുന്ന ദിപക് പി ചന്ദ് രണ്ട് വര്‍ഷം മുന്‍പ് സൈന്യത്തില്‍ നിന്നും മുങ്ങിയ ശേഷമാണ് പണംതട്ടിപ്പ് തുടങ്ങിയത്. ഗവൺമെന്‍റ് ഓഫ് ഇന്ത്യ ബോര്‍ഡ് വച്ച വാഹനത്തിൽ സഞ്ചരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പത്തനാപുരം സ്വദേശിയായ പ്രവീൺ നല്‍കിയ പരാതിയില്‍ തൃപ്പൂണിത്തുറയില്‍ നിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നായിരുന്നു പരാതി.

സൈബര്‍ പോലീസിന്‍റെ സഹായത്തോട് കൂടിയാണ് അറസ്റ്റ് നടന്നത്. ഇയാളുടെ വാഹനവും പോലീസ് പിടിച്ചെടുത്തു.ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കാന്‍ അറിയാവുന്ന ദീപക് പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണന്ന് ആളുകളെ വിശ്വസിപ്പിക്കും അതിന് ശേഷം കേന്ദ്രസര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം തട്ടുകയാണ് പതിവ്. ദീപക് പി ചന്ദ് അടൂര്‍ സ്വദേശിയാണെന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.