ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ലിജോയിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിൽ മാരകായുധങ്ങളുമായെത്തിയ നാലംഗ സംഘത്തിന്‍റെ ആക്രമണത്തില്‍ വ്യാപാരിക്ക് ഗുരുതര പരിക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 

Add Asianetnews as a Preferred SourcegooglePreferred

മൂന്നുപീടിക സെന്‍ററിൽ പ്രവർത്തിക്കുന്ന മിമിക് ലോട്ടറി സ്ഥാപനത്തിന്‍റെ ഉടമ ചക്കരപ്പാടം സ്വദേശി ലിജോയിയെയാണ് ഗുണ്ടകൾ ആക്രമിച്ചത്. രാവിലെ ഒരു സുഹൃത്തിനൊപ്പം ലിജോയ് തന്‍റെ കടയിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. സുഹൃത്തിനെ തേടിയെത്തിയ സംഘം ലിജോജിയെ ആക്രമിച്ചു.

സുഹൃത്തിനെ തല്ലുന്നത് തടഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ലിജോയിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയേറ്റ് ലിജോയിക്ക് തലക്കും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്.

ബൈക്കിലെത്തിയ പെരിഞ്ഞനം സ്വദേശികളായ നാല് പേരാണ് ആക്രമണം നടത്തിയത്. ഇവർ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകളച്ച് പ്രകടനം നടത്തി.