എറണാകുളം: പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെമ്പാരത്തുകുന്ന് സ്വദേശി ജവഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാഹനത്തില്‍ നിന്ന് ബോധരഹിതനായി റോഡിലേക്ക് വീണ ജവഹറിന്‍റെ ദേഹത്തില്‍ ലോറി കയറുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‍ത കൊവിഡ് മരണങ്ങള്‍ നാലായി. കഴിഞ്ഞ ദിവസം മരിച്ച തിരുവനന്തപുരം കാട്ടാക്കട സ്വദേശിനി പ്രശുഭ, ഞായറാഴ്ച മരിച്ച കാസർകോട് താളിപ്പടപ്പ് സ്വദേശി കെ ശശിധര, ഇന്നലെ മരിച്ച ആലപ്പുഴ സ്വദേശി ത്രേസ്യാമ്മ എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം പെരുമ്പാവൂരിൽ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് കാളചന്തയിൽ കച്ചവടം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ കച്ചവടം തുടങ്ങിയപ്പോൾ കാളചന്തയിൽ വലിയ ജനക്കൂട്ടമാണെത്തിയത്. കാളചന്തയിലെ തിരക്ക് തുടർന്നതോടെയ‌ാണ് പൊലീസ് ഇടപെടൽ. കച്ചവടക്കാരന്‍റെയും കണ്ടാലറിയാവുന്ന തൊഴിലാളികളുടെയും പേരിലാണ് കേസ്. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് പൊലീസ് ഇവർക്കെതിരെ  കേസെടുത്ത് പിന്നീട് വിട്ടയച്ചത്.