പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിലാണ് സേവ്യര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിലര്‍  പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ചു വാഹനം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.

എടക്കര: മലപ്പുറം എടക്കരയിൽ വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.

പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിലാണ് സേവ്യര്‍ വളര്‍ത്തുനായയെ സ്കൂട്ടറില്‍ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ചു വാഹനം മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നാണ് നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്. ചെരുപ്പടക്കമുള്ള വീട്ടിലെ സാധനങ്ങള്‍ നായ കടിച്ചു നശിപ്പിച്ചെന്നും സേവ്യര്‍ നാട്ടുകാരോട് പറഞ്ഞു. കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ നായയെ സ്കൂട്ടറില്‍ നിന്ന് കെട്ടഴിച്ച് വിട്ട ഇയാള്‍ കൂടയുണ്ടായിരുന്ന മകനെ സ്കൂട്ടിയില്‍ പറഞ്ഞുവിട്ടു. പരിക്കേറ്റ നായയെ സേവ്യര്‍ പിന്നീട് നടത്തികൊണ്ടുപോയി.

കോഴിക്കോട് രജിസ്ട്രേഷനിലുള്ള KL 11 AW 5684 നമ്പര്‍ സ്കൂട്ടറിലാണ് ഇയാള്‍ നായയെ കെട്ടിവലിച്ചത്. സംഭവം വിവാദമായതോടെ മൃഗസ്നേഹികള്‍ പരാതി നല്‍കുകയായിരുന്നു.