ആലപ്പുഴ: അന്യസംസ്ഥാനത്ത് നിന്നും വന്നതിനെ തുടർന്ന് വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നയാൾ മരണപ്പെട്ടു. ചെങ്ങന്നൂർ ആല സ്വദേശി എം.പി.സുരേഷ് (53) ആണ് മരിച്ചത്. മരണപ്പെട്ടുമ്പോൾ ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. 

ഹൃദയസ്തംഭനം മൂലമാകാം മരണം എന്നാണ് പ്രാഥമിക നിഗമനം. ഒരാഴ്ച മുൻപാണ് ഇദ്ദേഹം തമിഴ്നാട്ടിൽ നിന്നും എത്തിയത്. തുടർന്ന് സർക്കാർ നിർദേശം പാലിച്ച് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. നേരത്തേയും കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നവർ കേരളത്തിൽ മരണപ്പെട്ടിട്ടുണ്ട്. എന്നാൽ ആർക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. 

അതിനിടെ കേരളത്തിൽ കൊവിഡിൻ്റെ സമൂഹവ്യാപന സാധ്യത കണ്ടെത്താനായി ഐസിഎംആറിൻ്റെ നേതൃത്വത്തിൽ പഠനം തുടങ്ങി. പഠനത്തിൻ്റെ ഭാഗമായി ഐസിഎംആറിൽ നിന്നുള്ള ഇരുപത് അംഗസംഘം കേരത്തിൽ എത്തിയിട്ടുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഇവർ ആളുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കും. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ നിന്നും വിവിധ മേഖലകളിൽ നിന്നുള്ള നാൽപത് വീതം ആളുകളുടെ സാംപിൾ ശേഖരിച്ചാവും പരിശോധന.