ഇടുക്കി പൈനാവ് താന്നിക്കണ്ടം സ്വദേശി പ്രാങ്ങാട്ടിൽ പി എസ് ബിനേഷാണ് തന്‍റെ വൃക്ക വിൽക്കാനുണ്ടെന്ന് കാട്ടി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയത്.

ഇടുക്കി: ജോലിക്കിടെ അപകടത്തിൽപ്പെട്ട് അരയ്ക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട യുവാവ് ജീവിക്കാൻ മാർഗ്ഗമില്ലാതെ വൃക്ക വിൽക്കാൻ തയ്യാറെടുക്കുന്നു. ഇടുക്കി പൈനാവ് താന്നിക്കണ്ടം സ്വദേശി പ്രാങ്ങാട്ടിൽ പി എസ് ബിനേഷാണ് തന്‍റെ വൃക്ക വിൽക്കാനുണ്ടെന്ന് കാട്ടി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകിയത്. പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പോലുമാകില്ല ബിനേഷിന്. ചക്രക്കസേരയിൽ വീട്ടിനുള്ളിലിരിപ്പാണ്. മേസ്‍തിരി പണിക്കാരനായിരുന്നു ബിനേഷ്.

YouTube video player

2006 ൽ മൂവാറ്റുപുഴയിലെ ഇലാഹിയ കോളജിന്‍റെ കെട്ടിടം പണിക്കിടെ ലിഫ്റ്റിന്‍റെ പലക തകർന്ന് നാലാം നിലയിൽ നിന്നും താഴെ വീണാണ് ബിനേഷിന് ഗുരുരമായി പരിക്കേറ്റത്. ജീവൻ തിരിച്ചുകിട്ടിയെങ്കിലും അരക്ക് താഴേക്ക് പൂർണ്ണമായി ചലന ശേഷി നഷ്ടപ്പെട്ടു. പണമില്ലാത്തതിനാൽ ചികിത്സ തുടരാനും കഴിഞ്ഞില്ല. നഷ്ട പരിഹാരം നൽകാൻ കരാറുകാരൻ തയ്യാറാകാതെ വന്നതോടെ ലേബ‍ർ കോടതിയെ സമീപിച്ചു. അഞ്ച് ലക്ഷം രൂപയും പലിശയും നൽകണമെന്ന് 2012 ൽ കോടതി വിധിച്ചു. 

എന്നാൽ പത്തു വർഷം കഴിഞ്ഞിട്ടും പണമൊന്നും കിട്ടിയില്ല. കോടതി വിധി നടപ്പിലാകാത്തതിലുള്ള പ്രതിഷേധ സൂചകമായിട്ടുമായിട്ടായിരുന്നു ബിനേഷ് വൃക്ക വിൽക്കാനുണ്ടെന്ന് പോസ്റ്റിട്ടത്. അമ്മ തൊഴിലുറപ്പ് പണിക്കു പോയി കിട്ടുന്ന തുച്ഛ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. പട്ടിണി മാറ്റാൻ പണമുണ്ടാക്കാൻ ബിനേഷ് വീൽ ചെയറിലിരുന്ന് എൽഇഡി ബൾബുകൾ നിർ‍‍മ്മിക്കാൻ തുടങ്ങിയിട്ടുണ്ട്. 

കോഴിക്കോട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് വെള്ളിമാടുകുന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ പെട്രോള്‍ ബോംബേറ്. ഡിവൈഎഫ്ഐ യൂണിറ്റ് കമ്മറ്റി അംഗം സന്ദീപിന്‍റെ വീടിന് നേരെ ആണ് ആക്രമണമുണ്ടായത്. മയക്ക് മരുന്ന് ഉപയോഗത്തെ എതിര്‍ത്തതിന്‍റെ പേരിലാണ് അക്രമണം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.

സന്ദീപിന്‍റെ വെള്ളിമാടുകുന്ന് ഇരിയാന്‍ പറമ്പിലുള്ള വീടിന് നേരെയാണ് കഴി‌ഞ്ഞ ദിവസം ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞത്. ബോംബേറില്‍ വീടിന്‍റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരക്കും വസ്ത്രങ്ങള്‍ക്കും തീ പിടിച്ചു. വീട്ടുകാര്‍ ഇറങ്ങി വന്നപ്പോഴേക്കും സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. മയക്ക് മരുന്ന് മാഫിയയും ദീപക്കുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മയക്ക് മരുന്ന് മാഫിയക്കെതിരായി പ്രദേശത്ത് ജാഗ്രതാ സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. നാട്ടുകാരായ ചിലര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിനെത്തുടര്‍ന്നുള്ള പ്രശ്നമാണിതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ചേവായൂര്‍ പൊലീസ് അറിയിച്ചു.