പമ്പ: പമ്പയിൽ തീർത്ഥാടക വേഷത്തിലെത്തി മൊബൈല്‍ ഫോൺ മോഷ്ടിച്ചയാളെ  പൊലീസ് പിടികൂടി. ചെന്നൈ സെൻട്രൽ സ്വദേശി രമേശ് ആണ് പിടിയിലായത്. ഇയാളിൽ നിന്ന് അഞ്ച് സ്മാർട്ട് ഫോണുകൾ പൊലീസ് പിടികൂടി. മുംബൈ സ്വദേശികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പമ്പ പൊലീസ്  നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പുലർച്ചെ അഞ്ച് മണിക്കാണ് രമേശ് പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്ന് വിലകൂടിയ അഞ്ച് ഫോണുകൾ കണ്ടെത്തി. 

രണ്ടുപേരാണ് മൊബൈൽ ഫോണുകൾ നഷ്ടമായെന്ന് കാണിച്ച് പൊലീസില്‍ പരാതി നൽകിയത്.  ചെന്നൈയിൽ നിന്നുള്ള തീർത്ഥാടക സംഘത്തോടൊപ്പമാണ് ഇയാൾ എത്തിയത്. പ്രതിയെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മകര വിളക്ക് തീർത്ഥാടനകാലത്ത് തിരക്ക് കൂടിയതിനാൽ മോഷണം കൂടാൻ ഇടയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സന്നിധാനം , പമ്പ  നിലക്കൽ എന്നിവിടങ്ങളിൽ കൂടുതൽ സിസിടിവി സ്ഥാപിച്ചത് മുൻ വർഷങ്ങളെ അപേക്ഷിച്ച് മോഷണം കണ്ടെത്താൻ ഉപകാരപ്പെടുന്നുണ്ട്. 

നിലക്കൽ നിന്ന് കെഎസ്ആർടിസി ബസ്സ് ടയർ മോഷ്ടിച്ചവരെ മണിക്കൂറുകൾക്കകം പിടികൂടാൻ കഴിഞ്ഞിരുന്നു. 320  അത്യാധുനിക സിസിടിവി ക്യാമറകളാണ് മൂന്ന് മേഖലകളിലായി സ്ഥാപിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടം, ജില്ലാ പൊലീസ് മേധാവി, എന്നിവർക്ക് പുറമെ  തിരുവന്തപുരത്ത് നിന്നും പൊലീസിന് ഈ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയും.