കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി പരിയാരത്ത് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണത്തിന് കാരണം. മെയ് 24 ന് ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. സ്രവപരിശോധനാ ഫലം വന്നതിന് ശേഷം സംസ്‍കാരം നടക്കും. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ വലിയ മുന്‍കരുതലുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. 

കൊവിഡ്  സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും. വീടിനു പുറത്തിറങ്ങുന്നവര്‍ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് മുഖ്യനിര്‍ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകള്‍ ഇനി ആഴ്ചയില്‍ നാലു ദിവസമേ പ്രവര്‍ത്തിക്കൂ.

നഗരപരിധിയിലെ കടകള്‍ ഇന്നു മുതല്‍ രാത്രി എഴുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിര്‍ദേശം. പാളയത്തും,ചാലയിലും ഏര്‍പ്പെടുത്തിയതിനു സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏര്‍പ്പെടുത്തും. ബുധന്‍,വ്യാഴം,ഞായര്‍ ദിവസങ്ങളില്‍ തിരക്കേറിയ ചന്തകളുടെ പ്രവര്‍ത്തനം അനുവദിക്കില്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുളളവരെ അനായാസം കണ്ടെത്താനാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന നഗരവാസികളെല്ലാം ബ്രേക്ക് ദ ചെയിന്‍ ഡയറി കൈയില്‍ സൂക്ഷിക്കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്.

എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് കർശന നടപടി എടുത്തിരിക്കുകയാണ് ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും. ചമ്പക്കര മാർകറ്റിൽ പുലര്‍ച്ചെ കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടന്നതിനെ തുടർന്നാണ് പരിശോധന. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തുന്നത് തുടര്‍ന്നാൽ മാർക്കറ്റു അടക്കേണ്ടി വരുമെന്ന് കച്ചവടക്കാര്‍ക്ക് മുന്നറിയിപ്പ് നൽകി. ഡിസിപി ജി പൂങ്കുഴലിയും എത്തിയിരുന്നു. മാസ്ക് ധരിക്കാതെ എത്തിയവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയിൽ എടുത്തു. നിയന്ത്രണം പാലിക്കാതെ കച്ചവടം തുടർന്നാൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറിയും ഡിസിപിയും പ്രതികരിച്ചു.