പാലക്കാട്ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത
പാലക്കാട്: പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ സാധ്യത. പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളിലെ സ്ഥിതിയെ കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെ കുറിച്ചും പഠിക്കുന്നതിനായി നിയോഗിച്ച ഏജൻസിയാണ് പാലക്കാട് ഉണ്ണി മുകുന്ദൻ്റെ പേര് നിർദേശിച്ചത്. സിനിമാതാരം എന്ന നിലയിൽ ഉണ്ണി മുകുന്ദൻ്റെ പ്രശസ്തിയും ആളുകൾക്കുള്ള ഇഷ്ടവും വോട്ടായി മാറുമെന്നാണ് വിലയിരുത്തൽ. ഉണ്ണി ബിജെപി നിലപാടുകളെ പലപ്പോഴും പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്. ഇതു മൂലം ഉണ്ണിയോട് പാർട്ടി അനുഭാവികൾക്കുള്ള താത്പര്യവും ഗുണകരമാകുമെന്നാണ് കരുതുന്നത്.
എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഉണ്ണിമുകുന്ദനോട് പാർട്ടി നേതൃത്വം ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. അതേസമയം മുൻ സംസ്ഥാന അധ്യക്ഷൻ എത്തിയാൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കോട് ബിജെപിയ്ക്ക് മേൽക്കൈ നേടാനാകും എന്ന കണക്കുകൂട്ടലുമുണ്ട്. ശോഭ സുരേന്ദ്രൻ്റെ പേര് പരിഗണനയിലുണ്ടെങ്കിലും പാലക്കാടേക്ക് വരാനുള്ള താത്പര്യകുറവ് അവർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
കടുത്ത വിഭാഗീയത നിലനിൽക്കുന്ന പാലക്കാട് സി കൃഷ്ണകുമാർ പക്ഷത്ത് നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശോഭ സുരേന്ദ്രനുണ്ടെന്നാണ് സൂചന. ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ, സംസ്ഥാന ട്രഷറർ അഡ്വ ഇ കൃഷ്ണദാസ് എന്നിവരുെ പേരുകളും പട്ടികയിലുണ്ട്. അതെ സമയം പാലക്കാട് സന്ദീപ് വാര്യരെ മത്സരിപ്പിച്ചാൽ യുഡിഎഫ് നിലം തൊടില്ലെന്ന് മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജൻ പരിഹസിച്ചു. സിപിഎമ്മാകട്ടെ പാലക്കാട് ഒരു വനിത സ്ഥാനാർത്ഥി ഇറക്കാനാണ് സാധ്യത.
അതേ സമയം, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേരിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഒരു മണ്ഡലത്തിലും മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടില്ല. നിരവധി തെരഞ്ഞെടുപ്പിൽ മത്സരിച്ച് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായിട്ടുണ്ട്. പാർട്ടി നിർദേശിച്ച സീറ്റുകളിലാണ് മത്സരിച്ചത്. അതിനാൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ നിന്ന് തൽപര കക്ഷികള്‍ പിൻമാറണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.



