സിഎച്ച്സി മുതൽ മെഡിക്കൽ കോളേജിൽ വരെ വീഴ്ചയുണ്ടായി.ആശുപത്രികൾക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിൽ വീഴ്ച സമ്മതിച്ച് ആരോഗ്യ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്. കൊല്ലം പൻമന സ്വദേശിയായ വേണുവിന് ചികിത്സ നൽകുന്നതിൽ സിഎച്ച്സിക്കും ജില്ലാ ആശുപത്രിക്കും മെഡിക്കൽ കോളേജിനും പിഴവ് സംഭവിച്ചെന്നാണ് നാലംഗ സമിതിയുടെ കണ്ടെത്തൽ. എന്നാൽ അനാസ്ഥ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടിൽ ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല.
അടിയന്തര ആൻജിയോഗ്രാമിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പൻമന സ്വദേശി വേണു മരിച്ചത് ചികിത്സയിലെ അനാസ്ഥ കാരണമെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. ഭാര്യ സിന്ധു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പ് സംഘം മൊഴി അടക്കം ശേഖരിച്ച് അന്വേഷണം നടത്തിയിരുന്നു. വേണുവിനെ ആദ്യം പ്രവേശിപ്പിച്ച ചവറയിലെ സിഎച്ച്സിക്കും തുടർന്ന് എത്തിച്ച ജില്ലാ ആശുപത്രിക്കും ഒടുവിൽ പ്രവേശിപ്പിച്ച മെഡിക്കൽ കോളേജിനും വീഴ്ച സംഭവിച്ചെന്നാണ് ഡിഎംഇ നിയോഗിച്ച നാലംഗ സംഘത്തിൻ്റെ കണ്ടെത്തൽ.
ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. കാത്ത് ലാബ് മുഴുവൻ സമയവും പ്രവർത്തിക്കാത്തത് തിരിച്ചടിയായി. മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുന്നത് വൈകി. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ച രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചില്ല തുടങ്ങിയ പിഴവുകൾ റിപ്പോർട്ടിൽ എണ്ണിപ്പറയുന്നു. എന്നാൽ അനാസ്ഥ ബോധ്യപ്പെട്ടിട്ടും കാരണക്കാരായ ആർക്കും എതിരെ നടപടിക്ക് ശുപാർശയില്ല എന്നതാണ് വിചിത്രം.
പേരിനൊരു റിപ്പോർട്ട് മാത്രമായി ഒതുക്കി. ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് രോഗികളോടും കൂട്ടിരിപ്പുകാരോടും പെരുമാറുന്നതിൽ പരിശീലനം നൽകണമെന്ന് മാത്രം പറയുന്നു. 2025 നവംബർ 1 നാണ് പൻമന സ്വദേശിയായ വേണുവിനെ ഹൃദ്രാഗ ചികിത്സയ്ക്കായി തിരു.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അഞ്ചാം തീയതി മരിച്ചു. തനിക്ക് ചികിത്സ നിഷേധിച്ചെന്ന്മരിക്കുന്നതിന് തൊട്ട് മുൻപ് സുഹൃത്തിനും ബന്ധുവിനും വേണു അയച്ച ശബ്ദ സന്ദേശവും പുറത്തു വന്നിരുന്നു.



