Asianet News MalayalamAsianet News Malayalam

മംഗളൂരു സംഘർഷം: കർണ്ണാടക മന്ത്രിയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമെന്ന് ഇപി ജയരാജൻ

  • മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്ന് മന്ത്രി
  • മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്നായിരുന്നു കർണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന
Mangalore protest EP Jayarajan blames karnataka minister Basavaraj bomma
Author
Trivandrum, First Published Dec 20, 2019, 10:34 AM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധം സംഘർഷത്തിലെത്തിയതിന് പിന്നിൽ മലയാളികളാണെന്ന കർണ്ണാടക ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ വ്യവസായ മന്ത്രി ഇപി ജയരാജൻ. നരേന്ദ്ര മോദിയുടെ അടിച്ചമർത്തൽ നയമാണ് പ്രതിഷേധക്കാർക്ക് എതിരെ സ്വീകരിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരെ സർക്കാർ വേട്ടയാടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

കർണാടക ഗവൺമെൻറ് ചെയ്തിട്ടുള്ളത് തെറ്റായ കാര്യമാണ്. ഒരു മന്ത്രി ഒരിക്കലും പറയാൻ പാടില്ലാത്തതാണ് ബസവരാജ്‌ ബൊമ്മൈ പറഞ്ഞത്. സത്യപ്രതിജ്ഞ ലംഘനമാണിത്. ജനകീയ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭാഷയും ജാതിയും അടിസ്ഥാനമാക്കിയാണ് ഇവർ പ്രവർത്തിക്കുന്നത്. മലയാളി മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അപലപനീയമെന്നും മന്ത്രി പ്രതികരിച്ചു.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തില്‍ സംഘർഷമുണ്ടാക്കിയത് കേരളത്തിൽ നിന്നുള്ളവരെന്നായിരുന്നു കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മൈ ഇന്ന് രാവിലെ പ്രതികരിച്ചത്. വ്യാപക പ്രതിഷേധമാണ് ഇന്നലെ മംഗളൂരുവില്‍ നടന്നത്. ഇതിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് സ്റ്റേഷൻ തീയിടാൻ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വിശദീകരിച്ചു. 

പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരോധനാജ്ഞ നിലനില്‍ക്കുമ്പോള്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയത്. കമ്മീഷണര്‍ ഓഫീസിലേക്ക് നീങ്ങിയ പ്രതിഷേധമാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം ആരംഭിച്ചു. പൊലീസ് ആദ്യം പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി.  പിന്നീട് ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്നാണ് റബര്‍ പെല്ലറ്റ് ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്.

 മംഗളൂരു സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കർണാടകത്തിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അഭ്യർത്ഥിച്ചു. കലബുറഗി, മൈസൂരു, ഹാസൻ, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി ബി ദയാനന്ദ് മംഗളൂരുവിൽ എത്തി. അതേസമയം നിരോധനാജ്ഞ ലംഘിച്ചു ബെംഗളൂരുവിൽ സമരം ചെയ്യുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios