30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിന് കൈമാറണം എന്നാണ് ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും. 21 ദിവസം മുൻപ് ഇതിനു കമ്പനിക്ക് നോട്ടീസ് കൊടുക്കണം. ആ നോട്ടീസ് സർക്കാർ കൊടുത്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല.

കോഴിക്കോട്: മണിയാർ വൈദ്യുത പദ്ധതി കരാർ കാർബൊറണ്ടം ഗ്രൂപ്പിന്‍റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കത്തിൽ വ്യവസായ മന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. 30 വർഷത്തേക്കുള്ള ബിഒടി കരാർ ആണ് കാർബൊറാണ്ടം കമ്പനിക്ക് നൽകിയത്. കമ്പനിക്ക് കരാർ നീട്ടി നൽകുന്നത് അഴിമതിയാണ്. ധാരണാ പത്രം പാലിച്ചിട്ടില്ല. കെ എസ് ഇ ബിക്ക് പദ്ധതി കൈമാറണം എന്ന് വൈദ്യുത ബോർഡ്‌ നൽകിയ കത്തിന്റെ പകർപ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

30 വർഷം കഴിയുമ്പോൾ മണിയാർ പദ്ധതി സർക്കാരിന് കൈമാറണം എന്നാണ് ധാരണ. ഡിസംബർ 30ന് 30 വർഷം പൂർത്തിയാകും. 21 ദിവസം മുൻപ് ഇതിനു കമ്പനിക്ക് നോട്ടീസ് കൊടുക്കണം. ആ നോട്ടീസ് സർക്കാർ കൊടുത്തിട്ടില്ല. ഈ കമ്പനിക്ക് 25 വർഷം കൂടി കൊടുക്കുന്നത് അഴിമതിയാണെന്ന് ചെന്നിത്തല വിമർശിച്ചു. 

വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും വൈദ്യുത മന്ത്രിയെ നോക്കുത്തിയാക്കിയിരിക്കുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പറയുന്നിടത്ത് ഒപ്പിട്ടു കൊടുക്കുന്ന വൈദ്യുത മന്ത്രി ആ സ്ഥാനത്ത് തുടരണോയെന്ന് ചെന്നിത്തല ചോദിച്ചു. വ്യവസായ മന്ത്രി സ്വകാര്യ കമ്പനിക്ക് കൊള്ള ലാഭം ഉണ്ടാക്കാൻ കൂട്ടുനിൽക്കുന്നു. കോടികളുടെ അഴിമതിയാണ് നടക്കുന്നത്. കമ്പനിയുമായുള്ള 91ലെ കരാറിൽ, കരാർ പുതുക്കി കൊടുക്കാം എന്ന് പറഞ്ഞിട്ടില്ല. വെള്ളപ്പൊക്കം ഉണ്ടായ സമയത്ത് ഒരു നാശനഷ്ടവും കമ്പനിക്ക് ഉണ്ടായിട്ടില്ല. നാശനഷ്ടം ഉണ്ടായെങ്കിൽ ഇൻഷുറൻസ് ഇല്ലേ, അത് ഈടാക്കാമല്ലോയെന്നും ചെന്നിത്തല പറഞ്ഞു. 

കേരളത്തിൽ 12ഓളം ജല പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. മണിയാറിൽ കരാർ നീട്ടികൊടുത്താൽ മറ്റുള്ളവർക്കും നീട്ടി കൊടുക്കേണ്ടി വരും. ജന താല്പര്യത്തിന് പകരം മുതലാളിമാരുടെ താല്പര്യം ആണ് വ്യവസായ വകുപ്പ് സംരക്ഷിക്കുന്നത്. വൈദ്യുത വകുപ്പ് ഭരിക്കുന്നത് സിപിഎം ആണ്. വൈദ്യുത മന്ത്രിക്ക് വലിയ റോൾ ഇല്ലെന്നും ചെന്നിത്തല വിമർശിച്ചു. 

മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്ന് രേഖകൾ

അതിനിടെ മണിയാർ കരാർ കാർബൊറണ്ടം ഗ്രൂപ്പിന്‍റെ താത്പര്യത്തിന് അനുകൂലമായി നീട്ടി നൽകാനുള്ള സർക്കാർ നീക്കം കെഎസ്ഇബിയുടെ എതിർപ്പ് മറികടന്നെന്ന് രേഖകൾ വ്യക്തമാക്കുന്നു. കരാർ നീട്ടണമെന്ന കമ്പനിയുടെ വാദങ്ങളിൽ കഴമ്പില്ലെന്നും പ്രളയകാലത്ത് ഉൽപ്പാദന നഷ്ടമെന്ന വാദം നിലനിൽക്കുന്നതല്ലെന്നും കരാർ പുതുക്കുന്നത് സർക്കാർ താൽപര്യത്തിന് വിരുദ്ധമെന്നും കെഎസ്ഇബി നിലപാടെടുത്തിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് കെഎസ്ഇബി സമർപ്പിച്ച റിപ്പോർട്ടാണ് പുറത്ത് വന്നത്.

പ്രളയകാലത്തും മണിയാറിൽ സാധാരണ ഉൽപാദനം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. കാർബൊറണ്ടം കമ്പനിയുമായി കരാർ നിലവിൽ വന്നത് 1991 മെയ്‌ 18 നാണ്. 2024 ൽ പദ്ധതി തിരിച്ചു സമർപ്പിക്കണമെന്നാണ് കരാർ. പദ്ധതിയിൽ കമ്പനി നിക്ഷേപം നടത്തിയതിന്റെ രേഖകൾ ഒന്നും കെഎസ്ഇബിക്ക് നൽകിയില്ല. കെഎസ്ഇബിയുടെ അനുമതി വാങ്ങാതെ പദ്ധതിയിൽ അധിക നിക്ഷേപം നടത്താൻ കരാർ പ്രകാരം സാധിക്കില്ല. അങ്ങനെ ചെയ്താൽ അത് കരാർ വ്യവസ്ഥയുടെ ലംഘനമാണ്. ഈ കരാർ നീട്ടി നൽകിയാൽ ബിഒടി വ്യവസ്ഥയിൽ നിർമ്മിച്ച മറ്റ് കമ്പനികൾ ഇതേ ആവശ്യം ഭാവിയിൽ ഉന്നയിക്കുമെന്ന് കെഎസ്ഇബി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

മണിയാറിൽ 2018 ലെ പ്രളയത്തിൽ ഉൽപ്പാദന നഷ്ടം ഉണ്ടായിട്ടില്ലെന്നും 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മാത്രം നേരിയ നഷ്ടം ഉണ്ടായെന്നും റിപ്പോർട്ട് പറയുന്നു. കരാർ കാലാവധി കാലത്തെ നഷ്ടത്തിന് സർക്കാരിന് ബാധ്യതയില്ലെന്നാണ് കെഎസ്ഇബി നിലപാട്. കരാർ അനുസരിച്ച് ഇൻഷുറൻസ് സംരക്ഷണമുണ്ട്. നഷ്ടം നികത്താൻ സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

നായനാർ സർക്കാരിൻ്റെ കാലത്താണ് ബിഒടി വ്യവസ്ഥയിൽ സംസ്ഥാനത്ത് സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വൈദ്യുതി പദ്ധതികൾ തുടങ്ങാൻ അനുവാദം നൽകിയത്. അന്ന് യൂണിറ്റിന് 50 പൈസ നിരക്കിൽ 30 വർഷത്തേക്കാണ് കരാർ ഒപ്പിട്ടത്. 2024 ഡിസംബ‍ർ 30 ന് പദ്ധതി കമ്പനി കെഎസ്ഇബിക്ക് തിരിച്ചേൽപ്പിക്കണം. ഇതിനായി 30 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ സർക്കാർ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ കള്ളക്കളി ആരോപിച്ച് രണ്ടാമത്തെ അഴിമതി ആരോപണമാണ് ചെന്നിത്തല സർക്കാരിനെതിരെ ഉന്നയിച്ചത്. ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അദാനി കമ്പനികൾക്ക് വേണ്ടി സംസ്ഥാന സർക്കാരും വൈദ്യുതി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിയും ഒത്തുകളിച്ചുവെന്നായിരുന്നു ആദ്യത്തെ ആരോപണം.

സംസ്ഥാനത്തിന് കോടികൾ നഷ്ടമാകുന്ന നീക്കം; മണിയാർ വൈദ്യുത പദ്ധതി കരാർ നീട്ടുന്നത് കെഎസ്ഇബി എതിർത്തെന്ന് രേഖകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം