പത്തനംതിട്ട: അറ്റകുറ്റപ്പണികള്‍ക്കായി മെയ് 20 മുതല്‍ 23 വരെ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ നിയന്ത്രിതമായ രീതിയില്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്.  ജലനിരപ്പ് 50 സെന്റീമീറ്റര്‍ വരെ ഉയരുന്നതിനുള്ള സാധ്യത ഉള്ളതിനാല്‍ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവരും, മണിയാര്‍, വടശേരിക്കര, റാന്നി, ആറന്മുള നിവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

അതേസമയം, ഉംപുൺ ചുഴലിക്കാറ്റിന്‍റെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നും മഴ തുടരും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ  ശക്തമായ മഴ ഉണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മിമീ വരെയുള്ള മഴയാണ് യെല്ലോ അലർട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.  55 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.