തൃശ്ശൂർ: പാലക്കാട് മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റ് രമയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചു. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളാരും എത്താത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നേതൃത്വത്തിൽ സംസ്കാരം നടന്നത്.

രാവിലെ 10 മണിയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിന്ന് മൃതദേഹം പുറത്തേക്ക് എടുത്തു. മാവോയിസ്റ്റ് അനുകൂലികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ പൊലീസ് അനുവാദം നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

തുടർന്ന്, ഗുരുവായൂരിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ പോരാട്ടം പ്രവർത്തകർ അനുഗമിച്ചു. ഗുരുവായൂർ നഗരസഭക്ക് കീഴിലുള്ള പൊതുശ്മശാനത്തിൽ കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയായിരുന്നു സംസ്കാരം. ബന്ധുക്കൾ എത്താതിരുന്നതിനെ തുടർന്നാണ് രമ എന്ന പേരിൽ സൂക്ഷിച്ചിരുന്ന കന്യാകുമാരി സ്വദേശിനി അജിതയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചത്. 

ഏതാനും ദിവസങ്ങൾക്ക് മുമ്പ് മണി പാസകന്റേയും കാർത്തിയുടേയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ശ്രീനിവാസന്റെ മൃതദേഹം എന്തു ചെയ്യണമെന്ന കാര്യത്തിൽ ഡിഎൻഎ പരിശോധന ഫലം വന്ന ശേഷമേ തീരുമാനമെടുക്കൂ.