പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് തിരിച്ചറിയാനുണ്ടായിരുന്ന രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശി അജിതയും ചെന്നൈ സ്വദേശി ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടതെന്നാണ് ഡിഎൻഎ ഫലത്തിൽ പറയുന്നത്. ഇത് ജില്ലാ കളക്ടർക്ക് കൈമാറി. ഇതോടൊപ്പം ആയുധങ്ങളുടെ ഫോറൻസിക് റിപ്പോർട്ടും ക്രൈംബ്രാഞ്ച് കൈമാറി. ആയുധങ്ങൾ മാവോയിസ്റ്റുകൾ ഉപയോഗിച്ചതെന്നാണ് ഫലത്തിൽ പറയുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 28, 29 തീയതികളിലാണ് തണ്ടർബോൾട്ട് സംഘത്തിന്റെ വെടിവയ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. സംഭവം വൻ വിവാദമായിരുന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണ് നടന്നെതെന്നായിരുന്നു സംഭവത്തിൽ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നടക്കം ഉയർന്ന വാദങ്ങൾ. അന്ന് കൊല്ലപ്പെട്ടവരിൽ മറ്റു രണ്ടു പേർ കാർത്തിക്, മണി വാസകം എന്നിവരാണെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നു.

ഡിഎന്‍എ, ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ചതോടെ ജില്ലാ കളക്ടര്‍ നടത്തുന്ന മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിച്ചേക്കും. സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട രണ്ടു മാവോയിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്