കോഴിക്കോട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെതിരെ നടപടിയെടുത്ത് മുസ്‍ലിം ലീഗ്. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ കെ എം ബഷീറിനെ ലീഗ് സസ്പെന്‍റ് ചെയ്തു. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ ഇദ്ദേഹം എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. 

മനുഷ്യശ‍ൃംഖലയിലെ യുഡിഎഫ് പങ്കാളിത്തം ന്യായീകരിച്ച് ലീഗ്; വിവാദമാക്കേണ്ടതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മനുഷ്യ ശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി ഇന്നലെ പ്രതികരിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകൾ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതികരണത്തില്‍ നിന്നും വ്യത്യസ്തമായി ബഷീറിനെതിരെ നടപടിയെടുക്കുകയായിരുന്നു. 

മുസ്‍ലിം ലീഗ് ഭാരവാഹികൂടിയായ ബഷീര്‍ പിന്നീട് ചാനല്‍ ചര്‍ച്ചയിലടക്കം പങ്കെടുക്കുകയും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.