പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരൊക്കെയെന്ന് തിരിച്ചറിയാൻ പൊലീസ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങൾ തമിഴ്നാട്, കർണാടക പൊലീസിന് കൈമാറും. ഇതിന് ശേഷമാകും തുടർ നടപടികൾ.

അതേസമയം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന, സഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആയുധമാക്കി. വ്യാജ ഏറ്റുമുട്ടലെന്ന് സിപിഐ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിലപാട് അറിയിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിന് മറുപടി നൽകിയില്ല.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെ എതിർത്ത് അദ്ദേഹത്തിന്റെ സഹോദര പുത്രൻ അൻമ്പരസൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ കേസിൽ ഇന്ന് കോടതി വാദം കേൾക്കും. 

മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‍‌മോർട്ടം ചെയ്യണമെന്ന ആവശ്യവുമായി മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ ഇന്ന് പാലക്കാട് കോടതിയെ സമീപിക്കാനിരിക്കുകയാണ്.