Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് കൊലപാതകം: പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് ബന്ധുക്കൾ; റീപോസ്റ്റ്മോർട്ടം വേണമെന്നും ആവശ്യം

  • തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ സാധിച്ചില്ല
  • തങ്ങൾ മൃതദേഹം കാണുന്നതിന് മുൻപ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചതിൽ സംശയമുണ്ടെന്നും
maoist encounter in kerala relatives demands re postmortem
Author
Attappadi, First Published Oct 30, 2019, 5:10 PM IST

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ബന്ധുക്കളുടെ ആവശ്യം. ഇപ്പോൾ നടക്കുന്ന പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്ക് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കൾ രേഖാമൂലം അപേക്ഷ നൽകി. റീ പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട് ആദ്യം ഇവർ ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിരുന്നു. അദ്ദേഹം ഇതനുവദിച്ചു. ഇത് പ്രകാരം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചുവെന്നാണ് ഇവർക്ക് ലഭിച്ച മറുപടി.

ഇതോടെയാണ് ഈ പോസ്റ്റ്മോർട്ടത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചത്. പൊലീസ് പറയുന്ന ഏറ്റുമുട്ടൽ കൊലയെന്ന വാദത്തിൽ വിശ്വാസമില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു. സംഭവത്തിലെ തെളിവ് ശേഖരണം മുഖ്യമായും പോസ്റ്റ്മോർട്ടത്തിൽ നിന്നാണെന്നിരിക്കെ തങ്ങൾ കാണുന്നതിന് മുൻപ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചതിൽ സംശയമുണ്ടെന്നും ഇവർ പറഞ്ഞു.

തങ്ങളുടെ അറിവില്ലാതെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലൂടെ തെളിവുകൾ വളച്ചൊടിക്കാനാണ് നീക്കമെന്ന് സംശയിക്കുന്നതായും ബന്ധുക്കൾ കത്തിൽ പറഞ്ഞു. റീ പോസ്റ്റ്മോർട്ടം തങ്ങൾക്ക് താത്പര്യമുള്ള സർജനെ കൊണ്ട് നടത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും , കോടതി ഉത്തരവ് വരും വരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റ്‌മോർട്ടം നിർത്തിവയ്ക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.

Follow Us:
Download App:
  • android
  • ios