Asianet News MalayalamAsianet News Malayalam

മകൾക്ക് വിവാഹാശംസകളുമായി ജയിലിൽ നിന്ന് അച്ഛന്‍റെ കത്ത്

'ഞങ്ങളുടെ ജയിൽ ജീവിതത്തിന്‍റെ ഇരുണ്ട നാളുകളിൽ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്‍റെയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളിൽ നിന്നും ജയിലുകളിലേക്കും കോടതികളിൽ നിന്നും കോടതികളിലേക്കും അലഞ്ഞു.ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി'. 

Maoist leader Roopesh send letter to daughter
Author
Trivandrum, First Published May 18, 2019, 9:10 AM IST

മകള്‍ക്ക് വിവാഹ ആശംസകള്‍ നേർന്നുകൊണ്ട്  നാലുവർഷമായി ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷ് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. ഈ വരുന്ന 19 നാണ് രൂപേഷിന്‍റെയും ഷൈനയുടെയും മകളുടെ വിവാഹം. ബാഗാളിലെ ദക്ഷിണ 24 പർഗാനയിലെ ശ്രീ. മദൻ ഗോപാലിന്‍റെയും ശ്രീമതി. ടുൾടുളിന്‍റെയും മകനായ ഓർക്കോദീപാണ് വരന്‍. വിവിധ കേസുകളില്‍  വിചാരണതടവുകാരനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്. കുട്ടിക്കാലും മുതല്‍ സമരങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും  ഒപ്പമുണ്ടായിരുന്നു മകളെക്കുറിച്ചുള്ള ഓർമ്മകളും സ്നേഹവുമാണ് കത്തിലുള്ളത്. കൂടാതെ വിചാരണ തടവില്‍ കഴിയുന്നതിനാല്‍ വിവാഹത്തിന് ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ലെന്നും അവരെ ആശംസിക്കാന്‍ എല്ലാവരും ഉണ്ടാകണമെന്നും കത്തിലൂടെ  രൂപേഷ് പറയുന്നു.

കത്തിന്‍റെ പൂര്‍ണ്ണരൂപം

1995 ആഗസ്റ്റ് 18 നാണ് ആമിമോളുടെ ജനനം. അതിനും മൂന്നുവർഷം മുമ്പുള്ള ഒരു വർഗ്ഗീസ് രക്തസാക്ഷിത്വത്തിനാണ് ഞാനും ഷൈനയും ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചത്. മുഴുനീള വിപ്ലവ പ്രവർത്തനം, അതിജീവനത്തിനായുള്ള കുഞ്ഞു കുഞ്ഞു ജോലികൾ ഇതിനിടയിലേക്കാണ് ആമിമോൾ കടന്നുവരുന്നത്. വിപ്ലവ പ്രവർത്തനങ്ങൾക്ക് കുഞ്ഞുങ്ങൾ തടസ്സമാകുമോ എന്ന ആധി അക്കാലത്ത് ഞങ്ങൾക്കുണ്ടായിരുന്നു. ഉമ്മയോടൊപ്പമുണ്ടായിരുന്ന ചെറിയ ഇടവേളകൾ മാറ്റിവെച്ചാൽ അവൾ എല്ലായിടത്തും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. 

സമരങ്ങൾ, പൊതുപരിപാടികൾ, യോഗങ്ങൾ, സമ്മേളനങ്ങൾ അങ്ങനെ എല്ലാ ഇടങ്ങളിലും ഒരു വയസ്സുമുതൽ ഞങ്ങളോട് ഒട്ടിപ്പിടിച്ച് അവളുണ്ടായിരുന്നു. നെല്ലിയാമ്പതിയിലേയും പുൽപ്പള്ളിയിലേയും ഇരിട്ടിയിലേയും ആദിവാസി സമരങ്ങൾ, വൈത്തിരിയിലെ തോട്ടം തൊഴിലാളികളുടെ മുന്നേറ്റങ്ങൾ, വൈപ്പിൻ കർഷകരുടെ സമരങ്ങൾ, തൃശ്ശൂരിലെ ഉൾനാടൻ മത്സ്യതൊഴിലാളി പ്രക്ഷോഭങ്ങൾ ഇവടങ്ങളിലെല്ലാം അവളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഞങ്ങളുടെ നിയമപഠനങ്ങളും നഗരത്തിലെ വ്യവസായതൊഴിലാളികൾക്കിടയിലെ പ്രവർത്തനങ്ങളും അവളോടൊന്നിച്ചായിരുന്നു. 

അക്കാലത്ത് അവളുടെ ജന്മദിനങ്ങളും വെക്കേഷനുകളും ഈ തൊഴിലാളികളുടെ നാട്ടിലും വീട്ടിലും ആയിരുന്നല്ലോ. ഏഴാം വയസ്സുമുതൽ ഷൈനയോടൊന്നിച്ചുള്ള യാത്രകളായിരുന്നു. റാഞ്ചിയിലും കൽക്കത്തയിലും ഡൽഹിയിലും ബോംബെയിലും ബാംഗ്ലൂരുമൊക്കെ നടന്ന അഖിലേന്ത്യ പരിപാടികളിൽ ഷൈനയോടൊപ്പം ആമിമോളുമുണ്ടായിരുന്നു. പതിമൂന്നാം വയസ്സുമുതൽ കാര്യങ്ങൾ ഇത്തിരി മാറിമറിഞ്ഞു. എല്ലാതും സ്വന്തം മുൻകൈയിൽ ആയി. പോകുന്നിടത്തെല്ലാം താച്ചുമണി (സവേര) യെ കൂട്ടി. കാതിക്കൂടമടക്കമുള്ള നിരവധി ജനകീയ സമരങ്ങളിലും യുവജനക്കൂട്ടായ്മകളുടേയും പാഠാന്തരത്തിലുമൊക്കെ മുൻനിരയിൽ ഉണ്ടായിരുന്നു. 

പാതിരാത്രിക്ക് വീടിന്‍റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചുള്ള റെയിഡുകൾ പതിവായത് അക്കാലത്തായിരുന്നു. മാവേലിക്കരയിലെ ഒരു പൊതുപരിപാടിയിൽ വച്ച് 16 ഉം 10 ഉം വയസ്സായ രണ്ടു പേരെയും അറസ്റ്റു ചെയ്ത് മഹിളാമന്ദിരത്തിൽ അടച്ചതും അക്കാലത്തായിരുന്നു. സഖാവ്, കാനം അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്‍റെയും ജനാധിപത്യ ശക്തികളുടേയും ശക്തമായ ഇടപെടലില്ലായിരുന്നെങ്കിൽ ആമിമോളെ കോയമ്പത്തുർ കേസിലുൾപ്പെടുത്തി ഞങ്ങളോടൊപ്പം ജയിലിലടക്കുമായിരുന്നേനെ. ഞങ്ങളുടെ ജയിൽ ജീവിതത്തിന്‍റെ ഇരുണ്ട നാളുകളിൽ പ്രതീക്ഷയുടേയും ആത്മവിശ്വാസത്തിന്‍റെയും കൈത്തിരിയുമായി ആ കൗമാരക്കാരി ജയിലുകളിൽ നിന്നും ജയിലുകളിലേക്കും കോടതികളിൽ നിന്നും കോടതികളിലേക്കും അലഞ്ഞു.

ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തി. പഠിച്ച കോളേജുകളിൽ നിന്നും വേണ്ടത്ര ഹാജറില്ലാത്തതിനാൽ പുറത്താക്കപ്പെടുമ്പോഴും ഞങ്ങൾക്ക് വായിക്കാൻ പുസ്തകങ്ങൾക്കായും എഴുതാൻ എഴുത്തുസാമഗ്രികൾക്കും അവൾ ഓടി നടന്നു. അവസാനം നീണ്ട ശ്രമങ്ങൾക്കൊടുവിൽ ജാമ്യത്തിലാണെങ്കിലും ഷൈനയുടെ വിമോചനത്തിനായി മറ്റു പലരോടുമൊപ്പം മുന്നിൽ നിന്നു. 

ഞങ്ങളുടെ ആമിമോൾ പുതുജീവിതത്തിലേക്ക് കടക്കുകയാണ്. ഇണയും തുണയുമായ ജീവിത പങ്കാളിയെ അവൾ തന്നെ കണ്ടെത്തിയിരിക്കുന്നു. ബാഗാളിലെ ദക്ഷിണ 24 പർഗാനയിലെ ശ്രീ. മദൻ ഗോപാലിന്‍റെയും ശ്രീമതി ടുൾടുളിന്‍റെയും മകനായ സഖാവ് ഓർക്കോദീപാണ് അവളുടെ പങ്കാളിയാകാൻ പോകുന്നത്. ഒന്നിച്ചുള്ള ദീർഘകാലത്തെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ പരസ്പരം അറിയുന്നവരാണവർ. ഈ വരുന്ന മെയ് 19 ന് ഞായറാഴ്ചയാണ് ഒന്നിച്ചുള്ള ജീവിതമാരംഭിക്കാൻ അവർ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി വിചാരണ തടവിൽ കഴിയുന്ന എനിക്ക് അവരോടൊപ്പം ഉണ്ടാകാൻ ഉണ്ടാകാൻ സാധിക്കുമോ എന്നറിയില്ല. അതിനാൽ നിങ്ങളുടെ മുൻകൈയിലാകട്ടെ അവരുടെ കൂടിച്ചുചേരൽ. അവരെ ആശംസിക്കാനും പുതുതലമുറയുടെ സ്വപ്നങ്ങളെ പിന്തുണക്കാനും സജീവമായി ഉണ്ടാകണം.

 

 

 

 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

 

Follow Us:
Download App:
  • android
  • ios