വയനാട്: വയനാട്ടിലടക്കം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം ആവർത്തിക്കുന്ന സാഹചര്യം ഗൗരവമുള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. പ്രാദേശിക പങ്കാളിത്തത്തോടെ മാവോയിസ്റ്റ് പ്രവർത്തനങ്ങള്‍ ചെറുക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവർത്തനം ശക്തമാക്കാനും തീരുമാനിച്ചു. ചീഫ് സെക്രട്ടറി ടോംജോസിന്‍റെ നേതൃത്വത്തില്‍ വയനാട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ഉത്തരകേരളത്തിലെ അഞ്ച് മാവോയിസ്റ്റ് ബാധിത ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയത്.

ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ,  പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ എന്നീ ജില്ലകളിലെ കളക്ടർമാർ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. വയനാട് അടക്കം സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ശക്തമാകുന്നത് വളരെ ഗൗരവത്തോടെ കാണണമെന്ന് യോഗം വിലയിരുത്തി. 

ആദിവാസി മേഖലയില്‍ വികസന മുരടിപ്പ് മുതലാക്കിയാണ് മാവോയിസ്റ്റുകള്‍ പ്രവർത്തനം ശക്തമാക്കുന്നത്. ഈ സാഹചര്യത്തെ ചെറുക്കാന്‍ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെകുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്തത്. അതാത് പ്രദേശങ്ങളിലെ ജനങ്ങളുടെ പങ്കാളിത്തം പ്രവർത്തനങ്ങളില്‍ ഉറപ്പുവരുത്തണം. ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകളോട് സഹതാപം തോന്നാനുള്ള സാഹചര്യം ഇനി ഉണ്ടാക്കരുത്. കീഴടങ്ങാന്‍ തയാറാകുന്ന മാവോയിസ്റ്റുകള്‍ക്ക് സർക്കാർ പ്രഖ്യാപിച്ച പാക്കേജില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു.

Read Also: കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് വിരുദ്ധ പോസ്റ്റർ