തൃശ്ശൂർ: പാലക്കാട് അട്ടപ്പായിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് രമയുടെ തലയിലും വെടിയേറ്റിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. രമയുടെ ശരീരത്തിൽ നിന്ന് 5 വെടിയുണ്ടകൾ കണ്ടെടുത്തു. രമയുടെയും കാർത്തിയുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മറ്റ് രണ്ട് മാവോയിസ്റ്റുകളുടെ പോസ്റ്റ്മോർട്ടം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുകയാണ്. സുരേഷ്, മണി വാസകം എന്നിവരുടെ പോസ്റ്റുമോർട്ടം ആണ് നിലവിൽ നടക്കുന്നത്. 

Read More: മാവോയിസ്റ്റ് വേട്ടയില്‍ ദുരൂഹത?കീഴടങ്ങാന്‍ തയ്യാറായിരുന്നെന്ന് വെളിപ്പെടുത്തല്‍; ഏറ്റുമുട്ടലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

കാർത്തി, മണി വാസകം എന്നിവരുടെ ബന്ധുക്കൾ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിയിട്ടുണ്ട്. മൃതദേഹം വിട്ടു കിട്ടണമെന്ന ഇവരുടെ അപേക്ഷയിൽ പൊലീസ് പരിശോധിച്ച് നടപടി സ്വീകരിക്കും. കനത്ത സുരക്ഷയാണ് മോർച്ചറിയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. ചില മനുഷ്യാവകാശ പ്രവർത്തകർ എത്തിയെങ്കിലും അവരെ മോർച്ചറിയുടെ പരിസരത്തേക്ക് കടത്തി വിട്ടില്ല.

Read More: അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

അതേ സമയം അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന വെളിപ്പെടുത്തലുമായി ആദിവാസി നേതാക്കൾ രംഗത്തെത്തി. കീഴടങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച മാവോയിസ്റ്റുകളെ വെടിവച്ച് കൊന്നു എന്നാണ് മധ്യസ്ഥ ചർച്ചക്ക് പോയ ആദിവാസികളുടെ ആരോപണം. മാവോയിസ്റ്റുകൾ വെടിയുതിർത്ത ശേഷമാണ് തണ്ടർബോൾട്ട്  ആക്രമണം തുടങ്ങിയതെന്ന് പൊലീസ് വാദം തെറ്റെന്നും മധ്യസ്ഥം വഹിച്ചവർ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More: ആക്രമിക്കാൻ മണിവാസകത്തിന് ആരോഗ്യമില്ലായിരുന്നു; പൊലീസിനെതിരെ ആദിവാസി നേതാവ് ശിവാനി

കൈക്കുഞ്ഞുള്ള രമ കീഴടങ്ങാൻ താൽപര്യം എടുത്തിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുള്ള മണി വാസകം ഏറ്റുമുട്ടലിന് മുതിരില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റുകൾ ആക്രമിച്ചെങ്കിൽ തണ്ടർ ബോൾട്ടിനു പരിക്കേൽക്കേണ്ടേയെന്നാണ് ഇവർ ഉന്നയിക്കുന്ന സംശയം.

Read More: "അവര്‍ 'അയ്യാ അല്‍പ്പം അരി താ' എന്നു പറയുന്നവർ മാത്രമല്ല"; മാവോയിസ്റ്റ് വേട്ടയെ ന്യായീകരിച്ച് മുഖ്യമന്ത്രി