കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിലാണ് ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും എത്തിയത്.

മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം. കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ട്.  കബനീദളം ആക്ഷൻ കമ്മിറ്റി വൈസ് പ്രസിഡന്‍റ്  ബദർ മുസാമിന്‍റെ  പേരിലാണ് കത്ത്. ഉച്ചയോടെയാണ് കത്ത് വടകര പൊലീസ് സ്റ്റേഷനിൽ കിട്ടിയത്. കത്തിനൊപ്പം മാവോയിസ്റ്റ് ലഘുലേഖയും ഉണ്ട്. 

അതീവ ഗൗരവത്തോടെ തന്നെയാണ് ഭീഷണി കത്ത് കിട്ടിയ സാഹചര്യത്തെ കാണുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ പരിസരത്തും അടക്കം സുരക്ഷ കൂട്ടുന്നതിനെ കുറിച്ചും ആലോചനയുണ്ട്,.

മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തിൽ നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ കൂട്ടിയിരുന്നു. നിലവിലെ സുരക്ഷാ സംവിധാനങ്ങൾക്ക് പുറമെ അധിക സുരക്ഷ കൂടി ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം .മഞ്ചിക്കണ്ടി ഏറ്റുമുട്ടിലിന്‍റെ പശ്ചാത്തലത്തിൽ  യാത്രക്ക് അകമ്പടി മാത്രമല്ല മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കൂടി സുരക്ഷ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിരുന്നു,