കോഴിക്കോട്: മലബാര്‍ വന്യജീവി സങ്കേതത്തിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചുള്ള കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനത്തില്‍ സംസ്ഥാനം ക്വാറി മാഫിയക്കുവേണ്ടി ഒത്തുകളിച്ചുവെന്ന ആരോപണവുമായി താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍. 

ജനവാസകേന്ദ്രങ്ങളെ ദുര്‍ബല മേഖലയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് റിപ്പോർട്ട് നല്‍കിയില്ലെങ്കിൽ സംസ്ഥാന സര്‍ക്കാരിനെതിരെ സമരം തുടങ്ങുമെന്നാണ് രൂപതയുടെ മുന്നറിയിപ്പ്. അതേസമയം കരട് വി‍ജ്ഞാപനത്തില്‍ പരാതിയുള്ളവർക്ക് അറിയിക്കാന്‍‍ അവസരമുണ്ടെന്ന് വനംവകുപ്പ് വിശദീകരിച്ചു

ഒരാഴ്ച്ച മുമ്പാണ് കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയം മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ആകാശപരിധിയെ ഇക്കോ സെന്‍സിറ്റീവ് സോണായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനിമറിക്കുന്നത്. കരട് സംസ്ഥാന വനംവകുപ്പ് നൽകിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരുന്നു. വന്യജീവി സംങ്കേതത്തിന് ചുറ്റുവട്ടമുള്ള 13 വില്ലേജുകളിലെ 5500 പേർക്ക് മാത്രമെ ബുദ്ധിമുട്ടുണ്ടാകുവെന്നായിരുന്നു വനംവകുപ്പ് നൽകിയ റിപ്പോർട്ട്.

എന്നാല്‍ വന്യജീവിസങ്കേതത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ കരിങ്കല്‍ ക്വാറി ഇക്കോ സെന്‍സിറ്റീവ് സോണിലുള്‍പെടാത്തത് സംസ്ഥാന സർക്കാരിന്‍റെ ഇടപെടല്‍ മൂലമാണെന്നാണ് താമരശേരി ബിഷപ്പിന്‍റെ ആരോപണം. മുപ്പതിനായിരത്തിലധികം ആളുകളെ ബാധിക്കുമെന്ന് നേരിട്ടറിയിച്ചിട്ടും ഇടപെടാത്ത സര്‍ക്കാര്‍ പാറമടകള്‍ക്കുവേണ്ടി പ്രവർത്തിച്ചുവെന്നും ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആരോപിക്കുന്നു.

ജനവാസ കേന്ദ്രങ്ങളെ ഇക്കോ സെന‍്സിറ്റീവ് സോണിന്‍റെ പരിധിയില്‍ നിന്നോഴിവാക്കമെന്നാണ് താമരശേരി രൂപതയുടെ ആവശ്യം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം തുടങ്ങനാണ് തീരുമാനം. അതെസമയം രണ്ടു മാസത്തിനുള്ളില്‍ കര്‍ഷകർക്ക് എതിര്‍പ്പറിയിക്കാമെന്നും അത് പരിഗണിച്ചശേഷമെ അന്തിമ വിജ്ഞാപനമുണ്ടാകൂവെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.