കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ക്രൈംബ്രാ‌ഞ്ച് അന്വേഷണം മുൻ ഇടത് പ‌ഞ്ചായത്ത് ഭരണ സമിതിയിലേക്ക്. മുൻ പ‌ഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ രണ്ടുപേരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരട് പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പി കെ രാജു, എം ഭാസ്കരൻ എന്നിവരിൽ നിന്നാണ് മൊഴിയെടുക്കുക.

മരട് പഞ്ചായത്ത് ഭരണസമിതിയുടെ കൂടി പിന്തുണയോടെയാണ് 2006ൽ നിയമം ലംഘിച്ചുള്ള നിർമ്മാണ അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി മുഹമ്മദ് അഷ്റഫ് നൽകിയ മൊഴി. നിർമ്മാണത്തിന് അനുമതി നൽകിയ കാലത്തെ പല രേഖകളും പിന്നീട് പ‌ഞ്ചായത്തിൽ നിന്ന് അപ്രത്യക്ഷമായെന്ന് ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. പഞ്ചായത്ത് മിനുട്സിലും തിരുത്തൽ വരുത്തിയെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ മുൻ പ‌ഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴി എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഫ്ലാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയിൽ തുടരും. 86 ഫ്ലാറ്റുടമകൾ ഇതുവരെ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്ന് ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിലുള്ള നഷ്ടപരിഹാര നിർണ്ണയ സമിതി ഇന്നലെ അറിയിച്ചിരുന്നു. ഇന്നലെ 34 പേർക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാർ‍ശ ചെയ്തത്. 325 ഫ്ലാറ്റുടമകളിൽ 239 അപേക്ഷകളാണ് ഇതുവരെ കമ്മിറ്റിയ്ക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ 141പേർക്ക് ധനസഹായത്തിന് ശുപാർശ നൽകി കഴിഞ്ഞു.

Also Read: മരടിലെ 38 ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ചു; പണം ഉടന്‍ അക്കൗണ്ടിലെത്തും

ഇതിനിടെ, ഫ്ലാറ്റ് കേസിൽ ക്രൈംബ്രാ‌ഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് മദ്രാസ് ഹൈക്കോടതി ഇന്നലെ അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. നവംബർ 18 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. ക്രൈംബ്രാ‌ഞ്ച് വാദങ്ങൾ കേൾക്കാതെയാണ് ഇടക്കാല ജാമ്യം നൽകിയത്. കോടതി തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ക്രൈംബ്രാ‌ഞ്ച് തീരുമാനം. കേസിലെ ക്രൈംബ്രാഞ്ച് ഹാജരാകാൻ ആവശ്യപ്പെട്ട് ആൽഫ വെ‌ഞ്ചേഴ്സ് ഉടമ ജെ പോൾ രാജിന്‍റെ മുൻകൂർ ജാമ്യ ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. ക്രൈംബ്രാ‌ഞ്ച് കസ്റ്റിഡിയിലുള്ള മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു.