Asianet News MalayalamAsianet News Malayalam

മരടിൽ ഇന്ന് വെല്ലുവിളി ഗോൾഡൻ കായലോരം, ഉപയോഗിക്കുന്നത് 15 കിലോ സ്ഫോടകവസ്തുക്കൾ

എഡിഫൈസ് കമ്പനി തന്നെയാണ് ഇന്ന് രണ്ട് ഫ്ലാറ്റുകളും പൊളിക്കുന്നത്. ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങൾ. ഞായറാഴ്ചയായതിനാൽ കൂടുതൽ പേർ കാഴ്ചകാണാൻ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്

maradu flat demolition golden kayaloram more challenging than jain coral cove
Author
Maradu, First Published Jan 12, 2020, 7:04 AM IST

കൊച്ചി: മരടിൽ ഇന്ന് പൊളിക്കുന്ന രണ്ട് ഫ്ലാറ്റുകളിൽ കൂടുതൽ വെല്ലുവിളി ഗോൾഡൻ കായലോരം ഫ്ലാറ്റിലാണ്. താരതമ്യേന കൂടുതൽ പഴക്കം ചെന്ന ഫ്ലാറ്റ് കെട്ടിടത്തിൽ 15 കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പ്രത്യേക സാങ്കേതിക വിദ്യയിലൂടെ സ്ഫോടനം നടത്താനാണ് ശ്രമം. അതേസമയം ഇന്ന് രാവിലെ പൊളിക്കുന്ന ജെയിൻ കോറൽകോവിൽ 400 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കുന്നത്.

എഡിഫൈസ് കമ്പനി തന്നെയാണ് ഇന്ന് രണ്ട് ഫ്ലാറ്റുകളും പൊളിക്കുന്നത്. ഇന്നലത്തേതിന് സമാനമാണ് നടപടിക്രമങ്ങൾ. ഞായറാഴ്ചയായതിനാൽ കൂടുതൽ പേർ കാഴ്ചകാണാൻ എത്തുമെന്നാണ് കരുതുന്നത്. അതിനാൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് നാല് വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

രാവിലെ 11 മണിക്കാണ് ജെയിൻ കോറൽകോവ് പൊളിക്കുന്നത്. ജെയിൻ കോറൽകോവിൽ 16 നിലകളിലായി 125 അപാർട്മെന്റുകളാണ് ഉള്ളത്. ഇതിന് 50 മീറ്റർ ഉയരമുണ്ട്.  ഈ ഫ്ലാറ്റ് കെട്ടിടത്തിന്റെ 200 മീ ചുറ്റളവിൽ ആകെയുള്ളത് നാല് വീടുകൾ മാത്രമാണെന്നത് സ്ഫോടനത്തിന്റെ വെല്ലുവിളി കുറയ്ക്കുന്നു. എന്നാൽ കായലിനോട് ചേർന്ന് കിടക്കുന്ന ഫ്ലാറ്റ് കെട്ടിടം തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിലേക്ക് വീഴാതിരിക്കാൻ ഉയർന്ന ജാഗ്രത പുലർത്തുന്നുണ്ട്. ഇതിനായി ഫ്ലാറ്റ് കെട്ടിടത്തോട് ചേർന്ന് നിലനിന്നിരുന്ന കാർ പാർക്കിങ് ഏരിയ പൊളിച്ച് ഈ ഭാഗം തുറസായ സ്ഥലമാക്കി മാറ്റിയിരുന്നു.

ജെയിൻകോറൽകോവ് 45 ഡിഗ്രി ചെരിച്ച് പൊളിച്ചിടുക എന്നാണ് ലക്ഷ്യം. വലിയ ബുദ്ധിമുട്ടില്ലാതെ സ്ഫോടനം നടത്തി തകർക്കാനാവുമെന്ന് പ്രതീക്ഷ. ഉദ്ദേശിച്ച രീതിയിൽ തകർക്കാൻ സാധിച്ചാൽ വലിയതോതിൽ അവശിഷ്ടങ്ങൾ കായലിലേക്ക് പതിക്കില്ല. ഫ്ലാറ്റിൽ ഒന്ന്, മൂന്ന്, ആറ്, 11, 14 നിലകളിലാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരുന്നത്. ആദ്യം വൈദ്യുതി ഉപയോഗിച്ച് സ്ഫോടനം നടത്തിയ ശേഷം ടൈമർ ഉപയോഗിച്ച് വലിയ സ്ഫോടനം നടത്തും. ഇതോടെ ഫ്ലാറ്റ് കെട്ടിടം തകർന്ന് നിലംപൊത്തും.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പൊളിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഗോൾഡൻ കായലോരം കുണ്ടന്നൂരിൽ നിന്ന് വൈറ്റിലയിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിതി ചെയ്യുന്നത്. താരതമ്യേന പഴക്കം ചെന്ന ഇവിടെ മുൻഭാഗത്ത് 10 നിലകളും പിൻഭാഗത്ത് 16 നിലകളുമാണ് ഉള്ളത്. എന്നാൽ 15 കിലോ സ്ഫോടക വസ്തുക്കൾ മാത്രമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലാറ്റിനോട് ചേർന്ന അങ്കണവാടി കെട്ടിടത്തിനും പുതുതായി നിർമ്മിക്കുന്ന മറ്റൊരു ഫ്ലാറ്റ് കെട്ടിടത്തിനും കേടുപാടുണ്ടാകാതിരിക്കാനാണിത്. നിയന്ത്രിത സ്ഫോടനത്തിലൂടെ ഈ രണ്ട് കെട്ടിടങ്ങളും പിളർത്തി രണ്ട് ഭാഗത്തേക്ക് വീഴുന്ന നിലയിലാണ് സ്ഫോടനം ക്രമീകരിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios