ദില്ലി: തീരദ്ദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും. ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞതിന്‍റെ വിവരങ്ങൾ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയിൽ സമര്‍പ്പിക്കും. 

എല്ലാ ഫ്ലാറ്റുടമകൾക്കും 25 ലക്ഷം രൂപവീതം വിതരണം ചെയ്യാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം എത്ര ഫ്ലാറ്റുടമകൾക്ക് തുക നൽകി എന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിശോധിക്കും. ഇതോടൊപ്പം ഫ്ലാറ്റ് നിര്‍മ്മാതാക്കൾ നൽകിയ ഹര്‍ജികളും നടപടികളിലെ വീഴ്ച ചൂണ്ടിക്കാട്ടി മേജര്‍ രവി നൽകിയ ഹര്‍ജിയും കോടതിക്ക് മുമ്പിലുണ്ട്.