Asianet News MalayalamAsianet News Malayalam

മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11,12 തീയതികളില്‍ പൊളിക്കും: 200 മീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിക്കും

 പൊളിക്കാനുള്ള കെട്ടിട്ടങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് ഹോളി ഫെയ്ത്തിന്‍റെ കെട്ടിട്ടമാണ്. 19 നിലകളാണ് ഈ കെട്ടിട്ടത്തിന്. മൈക്രോ സെക്കന്‍ഡുകളില്‍ കെട്ടിട്ടം സ്ഫോടനത്തില്‍ തകരും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 

maradu flats will be demolished in January 11 and 12
Author
Golden Kayaloram, First Published Nov 11, 2019, 1:43 PM IST

കൊച്ചി: തീരദേശസംരക്ഷണം നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11,12 തീയതികളിലായി പൊളിച്ചു കളയാന്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള തീയതി നിശ്ചയിച്ചത്. 

ആല്‍ഫ വെഞ്ചേഴ്സിന്‍റെ ഇരട്ട കെട്ടിട്ടങ്ങളും ഹോളി ഫെയ്ത്തിന്‍റെ കെട്ടിട്ടവും ജനുവരി 11ന് പൊളിക്കും. അടുത്ത ദിവസമായ ജനുവരി 12-ന്ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് എന്നീ ഫ്ലാറ്റുകളും പൊളിച്ചു നീക്കും. സ്ഫോടനത്തിലൂടെയാവും എല്ലാ കെട്ടിട്ടങ്ങളും തകര്‍ക്കുക. ഇതിനായി എത്ര സ്ഫോടക വസ്തുകള്‍ ശേഖരിക്കണം എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. പൊളിക്കാനുള്ള കെട്ടിട്ടങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് ഹോളി ഫെയ്ത്തിന്‍റെ കെട്ടിട്ടമാണ്. 19 നില കെട്ടിട്ടമാണിത്. അതേ ദിവസം പൊളിക്കാന്‍ പദ്ധതിയിടുന്ന ആല്‍ഫാ സെറിന്‍ ഫ്ളാറ്റുകള്‍ ഇരട്ട കെട്ടിട്ടങ്ങളാണ്. രണ്ട് കെട്ടിട്ടങ്ങളിലും 16  നിലകള്‍ വീതമുണ്ട്. ഇങ്ങനെ ആദ്യദിനത്തില്‍ തന്നെ മൂന്ന് വലിയ കെട്ടിട്ടങ്ങളാവും പൊളിച്ചു നീക്കുക. 

ജനുവരി ഒന്‍പതിനകം ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് ദിവസം കൂടി എടുത്ത് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനാണ് യോഗം തീരുമാനിച്ചത്. ഫ്ളാറ്റുകള്‍ പൊളിക്കേണ്ട തീയതി നീണ്ടു പോയതിനിടയായ സാഹചര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കാന്‍ യോഗത്തില്‍ തീരുമാനമായി. 

മൈക്രോ സെക്കന്‍ഡ് സമയം കൊണ്ട് ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ വിദഗ്ദ്ധര്‍ അറിയിച്ചിട്ടുള്ളത്. കെട്ടിട്ടം പൊളിക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റുവട്ടത്തില്‍ താമസിക്കുന്നവരെയെല്ലാം ഒഴിപ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം പ്രദേശത്ത് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും. ഇതിനായുള്ള പദ്ധതികള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ തയ്യാറാക്കും. കെട്ടിട്ടം പൊളിക്കലിലേക്ക് ക‍ടക്കുന്നതിന് മുന്‍പ് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ പ്രത്യേക യോഗം സബ് കളക്ടര്‍ വിളിക്കും.

കെട്ടിട്ടം പൊളിക്കുന്നത് കാണാന്‍ വലിയ ജനക്കൂട്ടം എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. എല്ലാ കെട്ടിട്ടങ്ങളും ഒരേദിവസം തന്നെ പൊളിച്ചു തരാമെന്ന് സ്ഫോടനത്തിന് ചുമതലപ്പെടുത്തിയ കമ്പനിയുടെ പ്രതിനിധികള്‍ അറിയിച്ചെങ്കിലും രണ്ട് ദിവസമായി കെട്ടിട്ടങ്ങള്‍ പൊളിച്ചു നീക്കിയാല്‍ മതിയെന്നായിരുന്നു യോഗത്തിലെ തീരുമാനം. 

Follow Us:
Download App:
  • android
  • ios